/sathyam/media/media_files/2025/08/31/marteen-2025-08-31-14-27-40.jpg)
തിരുവനന്തപുരം:ഒരു സമൂഹത്തിന്‍റെ മുന്നേറ്റത്തിന് വേണ്ട ഏറ്റവും മികച്ച നിക്ഷേപം വിദ്യാഭ്യാസമാണെന്ന് രസതന്ത്രത്തില്‍ നോബല്‍ സമ്മാന ജേതാവായ പ്രൊഫ. മോര്‍ട്ടന്‍ പി മെല്‍ഡല്‍പറഞ്ഞു.
ബ്രിക്ക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) മൂന്നാറില്‍ സംഘടിപ്പിച്ച റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ ഓണ്‍ലൈന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ സെഷനില്‍ മോഡറേറ്ററായിരുന്നു. ഓഗസ്റ്റ് 28 മുതല്‍ 31 വരെയായിരുന്നു സമ്മേളനം.
വിയറ്റ്നാം, പോളണ്ട്, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ കാര്യമായ നിക്ഷേപം നടത്തുകയും 10, 20 വര്‍ഷത്തിനകം സാമ്പത്തികമായും സാമൂഹികമായും മുന്നേറുകയും ചെയ്തു.
ക്ലിക്ക് കെമിസ്ട്രി എന്ന ഗവേഷണത്തില്‍ നല്‍കിയ സംഭാവനയ്ക്കാണ് 2022 ല്‍ മെല്‍ഡലിന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. ലളിതവും ഫലപ്രദവുമായ രാസപ്രതികരണങ്ങള്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ തന്‍മാത്രകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കുന്ന രീതിയാണിത്.
താഴ്ന്ന ക്ലാസുകള്‍ മുതല്‍ വിദ്യാഭ്യാസം കുട്ടികളില്‍ കൗതുകവും താത്പര്യവും സൃഷ്ടിക്കുന്ന വിധത്തില്‍ ആസ്വാദ്യകരമാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒന്നാം ക്ലാസുകാര്‍ക്കായി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകള്‍ ഉണ്ടാക്കണം. തുടര്‍ന്ന് ക്ലാസുകള്‍ ഉയരുന്നതിനനുസരിച്ച് ദൈര്‍ഘ്യവും സങ്കീര്‍ണ്ണതയും വര്‍ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമീഷ്യര്‍ എന്ന നിലയില്‍ ലോകത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് യുദ്ധങ്ങളുടെ അനന്തരഫലങ്ങള്‍, ആഗോളതാപനം, പരിസ്ഥിതി മലിനീകരണം, എന്നിവയെ പറ്റിയെല്ലാം കൂടുതലായി ആളുകളെ ബോധവത്കരിക്കേണ്ട ചുമലതല അക്കാദമീഷ്യര്‍ക്കുണ്ട്. എന്നാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കാനും പരിസ്ഥിതിയും സമ്പത്തും സമാധാനവും എത്ര പ്രധാനമാണെന്ന് മനസിലാക്കാനും കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബലപ്രയോഗത്തിലൂടെയല്ല, സ്വാതന്ത്ര്യത്തിലൂടെയാണ് മികവ് ഉണ്ടാകുന്നതെന്നും അത് കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.