/sathyam/media/media_files/2025/11/20/ldf-udf-2025-11-20-17-47-35.jpg)
കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി മുന്നണികള്‍. ഭരണം പിടിച്ചിടത്ത് അധ്യക്ഷനെ തീരുമാനിക്കണം, സ്വതന്ത്രരെ ഒപ്പം കൂട്ടേണ്ടയിടത്ത് വാഗ്ദാനങ്ങള്‍ നല്‍കി അവരെ ഒപ്പം ചേര്‍ക്കണം എന്നിങ്ങനെ വിശ്രമമില്ലാത്ത ജോലിയിലാണ് നേതാക്കള്‍ക്കു മുന്നില്‍.
അധികാര മോഹികളെ അടക്കി നിര്‍ത്തുന്നതാണന് നേതക്കള്‍ക്കു ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോള്‍ പിടിച്ചില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലെന്ന വിജയിച്ചവര്‍ക്കും അറിയാം. ഇതോടെ പലരുടെയും കണ്ണ് അധ്യക്ഷ സ്ഥാനത്തേക്കാണ്. ടേമായെങ്കിലും അധ്യക്ഷ സ്ഥാനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. യു.ഡി.എഫിലാണ് പ്രതിസന്ധിയേറെയും.
കോട്ടയത്ത് ഇടതുകോട്ടകളില്‍ പോലും കടന്നുകയറിയുള്ള വിജയം യു.ഡി.എഫ് നേടിയിരുന്നു. 2020ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച എല്‍.ഡി.എഫിന് ഇത്തവണത്തെ കനത്തപരാജയം വന്‍ ആഘാതമായി.
ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലടക്കം യു.ഡി.എഫ് തരംഗം ആഞ്ഞുവീശി. കഴിഞ്ഞതവണ കേരളകോണ്‍ഗ്രസ് എമ്മിന്റെ ചിറകിലേറിയായിരുന്നു എല്‍.ഡി.എഫ് വിജയം പിടിച്ചെടുത്തത്. ഇത്തവണ കണക്കുകൂട്ടലുകള്‍ തിരിച്ചടിയായി. കടുത്തുരുത്തി, കുറവിലങ്ങാട് ഡിവിഷനുകള്‍ തിരിച്ചുപിടിക്കാനായത് യു.ഡി.എഫിന് മേല്‍ക്കൈയായി.
ഉറച്ച സീറ്റുകള്‍ പോലും സി.പി.എമ്മിനും കേരള കോണ്‍ഗ്രസ് എമ്മിനും നഷ്ടമായി. പാര്‍ട്ടി കോട്ടയെന്ന് അറിയപ്പെടുന്ന കുമരകത്ത് നിന്ന് കോണ്‍ഗ്രസിലെ പി.കെ.വൈശാഖ് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചുകയറിയത് വരുംദിവസങ്ങളില്‍ സി.പി.എമ്മിനുള്ളില്‍ പൊട്ടിത്തെറിയ്ക്ക് ഇടയാക്കും. പാര്‍ട്ടിവോട്ടുകളടക്കം ചോര്‍ന്നെന്ന സംശയം ഇതിനോടകം ബലപ്പെട്ടു.
കുമരകം കവണാറ്റിന്‍കര ബ്ലോക്ക് വാര്‍ഡുകളും കോണ്‍ഗ്രസ് പിടിച്ചെടുത്തതിന് പുറമേ സി.പി.എമ്മിന് അയ്മനം പഞ്ചായത്തു ഭരണവും നഷ്ടപ്പെട്ടു. ഇവിടെ 21ല്‍ ഒമ്പത് സീറ്റോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ജില്ലയില്‍ ജോസഫ് ഗ്രൂപ്പ് ഒന്നുമല്ലെന്ന പരിഹസിച്ചിടത്ത് മാണിഗ്രൂപ്പിനൊപ്പം നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ നേടാനായി. നാലുപതിറ്റാണ്ടായി കേരളകോണ്‍ഗ്രസ് (എം) കൈവെള്ളയില്‍ സൂക്ഷിച്ചിരുന്ന പാലാ നഗരസഭ ഇടതുമുന്നണിയ്ക്ക് നഷ്ടമായത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. ഒപ്പം ഏറെ വേരോട്ടമുള്ള കിഴക്കന്‍ മേഖലയിലെ പഞ്ചായത്തുകളും നഷ്ടമായത് ക്ഷീണമായി.
നഗരസഭകള്‍ മുഴുവന്‍ കൈവിട്ടു. ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഏഴ് സീറ്റിലേക്ക് നിലം പൊത്തി. 71 ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ജയിക്കാനായത് 25 ഇടത്ത് മാത്രമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് യു.ഡി.എഫ്.വിജയിച്ചു. എല്‍.ഡി.എഫ് രണ്ടിലേക്കു ചുരുങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us