/sathyam/media/media_files/2025/10/16/c8a34559-ba9b-46f1-b43f-cee727fb56de-2025-10-16-14-52-01.jpg)
തൊടുപുഴ : കരിമണ്ണൂരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. 2025 ഡിസംബറിൽ നടക്കുമെന്നു കരുതുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംവരണ മണ്ഡലങ്ങൾ പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് പൂർണ്ണതാ മൂർച്ഛയോടെ രംഗത്തിറങ്ങി. ഒക്ടോബർ 15-ന് ഇടുക്കി ജില്ലാ കളക്ടറേറ്റിൽ നടന്ന സംവരണ നറുക്കെടുപ്പ്, അനേകം സ്ഥാനാർത്ഥി പ്രതീക്ഷകളെ തകർത്തതോടൊപ്പം മുന്നണികൾക്ക് കണക്കുകൂട്ടലിൽ തലവേദനയും സൃഷ്ടിച്ചു.
സംവരണം കല്ലുകടിയായ കരിമണ്ണൂർ
കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിലവിൽ 14 വാർഡുകളാണ് ഉണ്ടായിരുന്നത്. പുതിയ തിരഞ്ഞെടുപ്പിൽ ചാലാശ്ശേരി വാർഡ് ഉൾപ്പെടെ 15 വാർഡുകളായി മാറ്റം വരുന്നു. ഇതിൽ 8 വനിതാ സംവരണ വാർഡുകളും ഒരു പട്ടികജാതി സംവരണ വാർഡും ഉൾപ്പെടുന്നു. നറുക്കെടുപ്പിൽ ഏഴാം വാർഡായ പാഴൂക്കര പട്ടികജാതി സംവരണ വാർഡായി മാറിയപ്പോൾ, ആനിക്കുഴ, തൊമ്മൻകുത്ത്, നെല്ലിമല, പള്ളിക്കാമുറി, പന്നൂർ, ചേറാടി, കിളിയറ, ഏഴുമുട്ടം എന്നീ വാർഡുകൾ വനിതാ സംവരണമായി പ്രഖ്യാപിക്കപ്പെട്ടു.
ഇതോടെ മുൻപ് ആസൂത്രണം ചെയ്തിരുന്ന സ്ഥാനാർത്ഥി നിരകൾ ഒട്ടും പൊരുത്തപ്പെടാതായതിനാൽ മുന്നണികൾക്കിടയിൽ കടുത്ത ആലോചനകളും പൊളിച്ചെഴുത്തുകളും നടക്കുകയാണ്.
യുഡിഎഫ് കോട്ട, എൽഡിഎഫ് ഭരണാധികാരം
കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് കോട്ടയായാണ് പൊതുവെ അറിയപ്പെടുന്നത്. നിയമസഭാ ലോക്സഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണിത്. കോൺഗ്രസിനും കേരള കോൺഗ്രസ് (ജോസഫ് ഗ്രൂപ്പ്) നും തുല്യമായ ശക്തിയുണ്ടെങ്കിലും കോൺഗ്രസിനാണ് സംഘടനാ ശക്തി കൂടുതൽ.
എന്നാൽ കോൺഗ്രസിനകത്തെ ആഭ്യന്തര പിണക്കങ്ങൾ പലപ്പോഴും യുഡിഎഫിന്റെ പരാജയത്തിന് കാരണമാവുന്നുണ്ട്. സിപിഐഎമ്മിന് ഇവിടെ സമാഹരിക്കാവുന്ന വോട്ടുശക്തി വളരെ പരിമിതമാണ്. "ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ആരും മത്സരിക്കാൻ ധൈര്യപ്പെടാത്ത കേരളത്തിലെ ഏക പഞ്ചായത്ത്" എന്ന പേരും കരിമണ്ണൂരിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് വിമതരെ മുന്നോട്ട് നിർത്തിയാണ് എൽഡിഎഫ് പലപ്പോഴും അധികാരം പിടിച്ചത്. ഇപ്പോൾ പഞ്ചായത്തിന്റെ പ്രസിഡന്റ് സിപിഐഎം പിന്തുണയുള്ള സ്വതന്ത്ര വനിതയാണ്.
‘തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ’
യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനമാണ് പ്രധാന കാരണം. എന്നാൽ കോൺഗ്രസിന്റെ വോട്ട് വാങ്ങി, വോട്ട് ചെയ്യാത്തവരാണ് കേരള കോൺഗ്രസ് (ജോസഫ് ഗ്രൂപ്പ്) പ്രവർത്തകർ എന്ന ആരോപണം ശക്തമാണ്. വികസനത്തെ അവഗണിക്കുന്ന സമീപനമാണ് ഈ വിഭാഗം സ്വീകരിക്കുന്നതെന്നും കോൺഗ്രസ് പാർട്ടി ആരോപിക്കുന്നു.
അതോടൊപ്പം സിപിഐഎം പെൻഷൻ സംഘടനയിൽ പ്രധാനസ്ഥാനമേറ്റവരും യുഡിഎഫ് മുന്നണിയിൽ പ്രവർത്തിക്കുന്നവരുമായ നേതാക്കളുടെ ഇരട്ടനാടകവും വിമർശനത്തിന് ഇടയാക്കുന്നു. പള്ളിക്കാമുറി പോലുള്ള വാർഡുകളിൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യുക കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പതിവായെന്ന് കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നു.
കരിമണ്ണൂരിന്റെ ഹോട്ട്‌സ്പോട്ട് — ടൗൺ വാർഡ്
2010-ൽ രൂപം കൊണ്ട കരിമണ്ണൂർ ടൗൺ വാർഡ് (പതിനൊന്നാം വാർഡ്) കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ്. ഇതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത് — 2010-ൽ ബീന ജോളി, 2015-ൽ ദേവസ്യ ദേവസ്യ, 2020-ൽ ആൻസി സിറിയക്.
ഇപ്പോഴോ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം പുതിയ അവകാശവാദവുമായി രംഗത്ത് വന്നതോടെ യുഡിഎഫിൽ ആഭ്യന്തര സംഘർഷം ഉയരുകയാണ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഈ ആവശ്യം പുച്ഛിച്ചുവെങ്കിലും, രാഷ്ട്രീയ ചലനം വർധിച്ചിരിക്കുകയാണ്.
കോൺഗ്രസ് പ്രചാരണവേദികളിലെ സാന്നിധ്യവും മുൻ കെഎസ്‌യു നേതാവും അഴിമതി വിരുദ്ധ പ്രവർത്തകനുമായ സിനു ജോസ് കുന്നപ്പിള്ളിൽ ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമാണ്. എങ്കിലും ജോലി ബാധ്യതകളാൽ അദ്ദേഹം തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോളി അഗസ്റ്റിൻ മത്സര രംഗത്തേക്ക് വരാനുള്ള സാധ്യതയും നിലനിൽക്കുന്നു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാജൻ ജെയിംസും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്.
എൽഡിഎഫിനുവേണ്ടി കേരള കോൺഗ്രസ് (മണി ഗ്രൂപ്പ്) നേതാവ് ജോസ് മാറാട്ടിലോ, കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള വിമതരിലൊരാളോ സ്ഥാനാർത്ഥിയാകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയും ഈ വാർഡിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ്.
തിരഞ്ഞെടുപ്പ് ചർച്ചാകളത്തിൽ കത്തുന്ന വിഷയങ്ങൾ
കരിമണ്ണൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുംഭകോണമാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ചാവിഷയം. വായ്പ തിരിച്ചടവില്ലാതെ പുതിയ ലോൺ അനുവദിച്ചതും ബിനാമി വായ്പകളും ഉൾപ്പെട്ട അഴിമതി റിപ്പോർട്ടുകൾ ഓഡിറ്റിലൂടെ പുറത്തുവന്നു. ബാങ്ക് പ്രസിഡണ്ട് ആയിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവിനെ ഡയറക്ടർ ബോർഡിൽ നിന്നു പുറത്താക്കിയതോടെ വിവാദം കൂടുതൽ തീവ്രമായി.
അതേസമയം, കരിമണ്ണൂരിൽ സബ് രജിസ്ട്രാർ ഓഫീസ് സ്ഥാപിക്കാതെ ആലക്കോട് മാറ്റിയതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെയും സിപിഐഎമ്മിന്റെയും പങ്ക് ആരോപിക്കപ്പെടുന്നു. നെയ്ശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം സ്ഥലം വാഗ്ദാനം ചെയ്തിട്ടും ഓഫീസ് മാറ്റിയത് രാഷ്ട്രീയ ഇടപെടലിനാൽ ആയിരുന്നെന്നത് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പാറമട പ്രവർത്തനങ്ങളാൽ സൃഷ്ടിക്കുന്ന പരിസ്ഥിതി-സാമൂഹിക ആഘാതങ്ങളും വോട്ടർമാർക്ക് പ്രധാന ആശങ്കയായി. മുളപ്പുറം കോട്ടകവലയിലെയും തേക്കിൻകൂട്ടം ചേറാടിയിലെയും പാറമടകൾ തെരഞ്ഞെടുപ്പ് ചർച്ചകളിൽ മുൻപന്തിയിലായിരിക്കും. കൂടാതെ കൊക്കലം വേനപ്പാറ ഭൂമി ഏറ്റെടുപ്പ് സംബന്ധിച്ച നിയമപരമായ അഴിമതിയും അതിന് നേതൃത്വം കൊടുത്തയാൾ മൽസരിക്കാൻ ഒരുങ്ങിയിരിക്കുനെനതും ഈ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ച വിഷയമാകും.
വോട്ടിനും നിറത്തിനും അനുസരിച്ച് മാറുന്ന രാഷ്ട്രീയമുഖങ്ങൾ
ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടി മാറി മത്സരിക്കുന്നതും പതിവായി കൊടി, നിറം മാറ്റുന്ന സ്ഥാനാർത്ഥികളുമാണ് കരിമണ്ണൂരിന്റെ പ്രത്യേകത. ഈ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടി പോലുള്ള ആശയപരമായ അടിത്തറയില്ലാത്ത, ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന പുതുമുഖങ്ങൾക്ക് സ്വാധീനം ചെലുത്തുവാൻ സാധ്യത വളരെ കുറവാണെന്ന് പ്രദേശത്ത് നിന്നും മനസ്സിലാക്കാം. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഴിമതി ആരോപണങ്ങളും, അവസരവാദ നിലപാടുകളും ആം ആദ്മി പാർട്ടിക്ക് ബാധ്യതയാകും.
പാർട്ടികളുടെ സ്വാധീനങ്ങൾ, സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ, അഴിമതി ആരോപണങ്ങൾ, സാമൂഹിക ചർച്ചകൾ — എല്ലാം കൂടി കരിമണ്ണൂരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഈ തവണയും ഒരു രാഷ്ട്രീയ അങ്കത്തട്ട് ആക്കുമെന്ന് ഉറപ്പാണ്.
റിപ്പോർട്ട്: സത്യം ഓൺലൈൻ തൊടുപുഴ