തദ്ദേശപ്പോര്: ജനവിധി ഉടനറിയാം, വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ആദ്യസൂചന എട്ടരയോടെ അറിയാം

New Update
kerala-local-body-election-2025

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. ഉച്ചയോടെ ഫലം പൂർണമാകും.

Advertisment

സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും.

വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. സ്‌ട്രോങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.

വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിങ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർഥിയുടെയോ സ്ഥാനാർഥികൾ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.

കൗണ്ടിങ് ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.

Advertisment