കാര്‍ബൊറാണ്ടം കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതി കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള നീക്കം വമ്പന്‍ അഴിമതിക്കുള്ള സൂത്രപ്പണി ? പ്രളയം ഉള്‍പ്പെടെ കരാര്‍ നീട്ടാനായി കമ്പനി പറയുന്ന തൊടുന്യായങ്ങളെല്ലാം ചുമ്മാ പൊള്ളത്തരങ്ങള്‍. ഉള്ള കരാര്‍ തന്നെ ലംഘിച്ചുവെന്ന് കെഎസ്ഇബിയും. പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ചേക്കാവുന്ന മറ്റൊരു കാട്ടുകൊള്ള നീക്കംകൂടി പുറത്തേയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
maniyar project

തിരുവനന്തപുരം: കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതി. 

Advertisment

ഈ മാസം 30 ന് കാര്‍ബൊറാണ്ടവുമായുള്ള ബി.ഒ.ടി കരാര്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് 25 വര്‍ഷം കൂടി കരാര്‍ നീട്ടിക്കൊടുക്കാന്‍ സർക്കാർ തീരുമാനം എടുത്തത്. 


കരാര്‍ അനുസരിച്ച് മണിയാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ണ്ണമായും സര്‍ക്കാരില്‍ വന്ന് ചേരേണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈദ്യുതി മന്ത്രിയെ പോലും നിശബ്ദനാക്കിയാണ് കരാർ നീട്ടി നൽകാൻ ഗൂഢാലോചന നടത്തിയത്.  


യൂണിറ്റിന് വെറും അന്‍പത് പൈസ എന്ന നിസ്സാര വിലയ്ക്ക്  കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കി അമിത വിലയ്ക്ക് വൈദ്യുതി വാങ്ങി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കമാണ് സർക്കാർ നിക്കത്തിന് പിന്നിൽ. 

1990 ലെ വൈദ്യുതി നയ പ്രകാരമാണ് സംസ്ഥാനത്ത് ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഇത് പ്രകാരം 1991 നാണു കാര്‍ ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് കരാര്‍ നല്‍കുന്നത്.


1991 ല്‍ പണിതുടങ്ങിയ കമ്പനി 1994 ഡിസംബറില്‍ പദ്ധതി പൂര്‍ത്തീകരിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങി. ബിഒടി കരാർ പ്രകാരം മണിയാറിലെ 12 മെഗാവാട്ട് പ്ളാന്റില്‍ നിന്നുള്ള വൈദ്യുതി കാര്‍ബൊറാണ്ടത്തിന്റെ വ്യാവസായികാവശ്യത്തിനും അധികം വരുന്ന വൈദ്യുതി കെ.എസ്ഇബിക്കും നല്‍കേണ്ടതാണ്. 


മുപ്പത് വര്‍ഷത്തേക്കാണ് കരാര്‍. അത്  നീട്ടി നല്‍കാനുള്ള ഒരു വ്യവസ്ഥയും അന്നത്തെ കരാറില്‍ ചേര്‍ത്തിട്ടുമില്ല. മറിച്ച് കരാര്‍ അനുസരിച്ച് 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ പ്രോജക്ട് പ്രകാരം നിര്‍മ്മിക്കപ്പെട്ടതും, സ്ഥാപിക്കപ്പെട്ടതുമായ എല്ലാം ഉള്‍പ്പെടെ ഉടമസ്ഥാവകാശം സൗജന്യമായി കെഎസ്ഇബിക്ക് കൈമാറേണ്ടതാണ്. 

ഈ വ്യവസ്ഥകള്‍ മറികടന്നാണ് 2021-ല്‍ കലാവധി നീട്ടി നല്‍കാന്‍ കമ്പനി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്നത്. 2018ലെ പ്രളയത്തില്‍ പദ്ധതി പ്രദേശത്ത് നാശനഷ്ടമുണ്ടായത് കാരണം കോടികള്‍ മുടക്കേണ്ടി വന്നുവന്നു എന്ന കാരണം പറഞ്ഞാണ് കരാർ നീട്ടാൻ ആവശ്യപെട്ടിരിക്കുന്നത്. 


കാലാവധി നീട്ടി നല്‍കിയാല്‍ ഉല്‍പ്പാദനം കൂട്ടുമെന്നുമുള്ള അവകാശവാദവും കമ്പനി കത്തിൽ വ്യക്തമാക്കുന്നു. എന്നാല്‍ 2018  ആഗസ്റ്റിലെ പ്രളയ കാലയളവില്‍ 2.3 മെഗാവാട്ട് വൈദ്യൂതി ഉല്‍പ്പാദിപ്പിച്ചതായി കമ്പനി രേഖകളില്‍ വ്യക്തമാണ്.


2019 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ മുടക്കുണ്ടായത്. ഇതിനര്‍ത്ഥം പ്രളയകാലത്ത് പദ്ധതി പ്രദേശത്ത് ഒരു നഷ്ടവും ഉണ്ടായില്ലെന്ന് തന്നെയാണ്.  അപ്പോള്‍ പദ്ധതി നീട്ടി നല്‍കാന്‍ ഉന്നയിച്ച കാര്യം പച്ചക്കള്ളമാണ്. 

ഇനി അഥവാ നഷ്ടമുണ്ടായാൽ തന്നെ പദ്ധതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയും ചെയ്യും. ഇതെല്ലാം മറച്ചുവെച്ചാണ് ഇപ്പോൾ കരാർ നീട്ടാനുള്ള അപേക്ഷ കമ്പനി സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. 


ഇതിനിടെ ഇവിടെ കരാർ മുഖേന ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കൂടിയ വിലയ്ക്ക്  വില്‍പ്പന നടത്തുന്നതടക്കമുള്ള ഗുരുതരമായ കരാര്‍ ലംഘനങ്ങള്‍ കാര്‍ബറോണ്ടം കമ്പനി നടത്തുന്നതായി കെഎസ്ഇബി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ വൈദ്യുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. 


കൂടാതെ അടുത്ത പത്ത് വര്‍ഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയും, സൗകര്യവും ഈ പ്രോജക്ടിനുണ്ട്.

ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്നാണ് കെഎസ്ഇബി തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നത്.

ഇതെല്ലാം മറച്ചു പിടിച്ചാണ് സർക്കാറിന്റെ ഇപ്പോഴത്തെ നീക്കം. അതുകൊണ്ടു തന്നെയാണ് ഇതിന് പിന്നിൽ വലിയ അഴിമതി നടന്നതായുള്ള സൂചനകളും പുറത്തുവരുന്നത്.

കരാർ പുന പരിശോധിക്കണമെന്നും കരാർ നീട്ടി കൊടുക്കുന്നതിന് പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷവും ഒരുങ്ങുന്നത്

Advertisment