/sathyam/media/media_files/2025/08/17/koodalmanikyam-elephant-2025-08-17-16-42-26.jpg)
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ആനയൂട്ടിന് എത്തിച്ച കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. മറ്റൊരു ആനയെ കുത്താൻ ശ്രമിക്കുകയും കൊമ്പ് കോർക്കുകയും ചെയ്തു.
ആനയുടെ പാപ്പാന് താഴെ വീണ് തോളിനു പരിക്കേറ്റു. പതിനൊന്ന് ആനകളെയാണ് രാവിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനായി എത്തിച്ചത്.
ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ വെച്ച് കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആന ഇടഞ്ഞു. അടുത്തുണ്ടായിരുന്ന അമ്പാടി മഹാദേവൻ എന്ന ആനയെ കുത്താൻ ശ്രമിക്കുകയും കൊമ്പ് കോർക്കുകയും ചെയ്തു. അമ്പാടി മഹാദേവൻ്റെ ഇടത്തെ കൊമ്പിനു താഴെ ചെറിയ പരിക്കേറ്റു.
പെട്ടന്ന് തന്നെ മറ്റ് ആനകളെ പാപ്പാൻമാർ സ്ഥലത്തു നിന്നും മാറ്റി. കുട്ടിശങ്കരന്‍റെ പാപ്പാൻ ഷൈജുവിന് താഴെ വീണ് തോളിനു ചെറിയ പരിക്കേറ്റു. ആനകൾ ഇടഞ്ഞതു കണ്ട നാട്ടുകാരും ഇതിനിടെ പരിഭ്രാന്തരായി ചിതറി ഓടി.
ചിലർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടഞ്ഞ കൊമ്പൻ കുട്ടിശങ്കരനെ എഴുന്നള്ളിക്കുന്നതിന് സോഷ്യൽ ഫോറസ്റ്റ് ഓഫീസർ 15 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.