/sathyam/media/media_files/2025/11/19/toilet-waste-2025-11-19-13-33-21.jpg)
കോട്ടയം: എരുമേലിയിലെ ട്രാഫിക് ഡ്യൂട്ടിക്കും സുരക്ഷയ്ക്കുമായി 500 പോലീസുകാരെ നിയോഗിച്ചതോടെ ജില്ലയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഒരു പരാതി നല്‍കിയാല്‍ അന്വേഷണിക്കാന്‍ പോലും പോലീസുകാരില്ല.
വെച്ചൂര്‍ പഞ്ചായത്ത് കോലാംപുറത്തുകരി പാടശേഖരത്തില്‍ കൊയ്ത് കൂട്ടിയ നെല്ലിന് മുകളില്‍ ശൗചാലയമാലിന്യം തള്ളിയ സംഭവത്തില്‍ മിനി ടാങ്കര്‍ ലോറിയും ഡ്രൈവറെയും പിടികുടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ദൃശ്യങ്ങള്‍ സഹിതമാണ് പാടശേഖരസമിതി പരാതി നല്‍കിയത്.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പോലീസ് ഇതുവരെയും നടപടി സ്വീകരിച്ചില്ല. ഇടയോഴം-കല്ലറ റോഡരികില്‍ കോലാംപുറത്തുകരി പാടശേഖരത്തിലെ ഒരേക്കറില്‍നിന്ന് കൊയ്‌തെടുത്ത 22 ക്വിന്റല്‍ നെല്ലിന്റെ മുകളിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.18-നാണ് മാലിന്യം തള്ളിയത്.
പാടശേഖരങ്ങളിലും സമീപത്തുള്ള തോട്ടിലും ശൗചാലയ മാലിന്യം തള്ളുന്നത് പതിവായിരുന്നു. പല തവണ പരാതി നല്‍കിയിട്ടും കാര്യമായ നടപടി പോലീസ് സ്വീകരിക്കാത്തതാണ് നെല്ലിനുമുകളില്‍വരെ മാലിന്യം തള്ളാന്‍ ഇത്തരക്കാര്‍ക്ക് ധൈര്യം ഉണ്ടായതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പിടികൂടുന്ന വാഹനം പിഴ ചുമത്തി പറഞ്ഞുവിടുന്നതാണ് ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കാന്‍ കാരണമെന്നും കര്‍ഷകര്‍ പറഞ്ഞു. ശൗചാലയമാലിന്യം തള്ളുന്നത് പാടശേഖരങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും, മത്സ്യത്തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരെയെല്ലാം ദോഷകരമായിബാധിക്കും.
ഇടയാഴം-കല്ലറ റോഡില്‍ ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം റോഡിന്റെ ഇരുവശങ്ങളും പാടശേഖരങ്ങളാണ്. ആള്‍ത്താമസം കുറവുള്ള പ്രദേശമായതിനാല്‍ ആഘോഷച്ചടങ്ങുകളില്‍നിന്നുള്ള ഭക്ഷണ മാലിന്യം, ശൗചാലയ മാലിന്യം എന്നിവ കൊണ്ടുവന്നു തള്ളുന്നതിനാല്‍ പലപ്പോഴും ദുര്‍ഗന്ധം കാരണം റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
വെച്ചൂര്‍ പഞ്ചായത്തില്‍ 3000 എക്കറോളം വരുന്ന പാടശേഖരത്തിന്റെ പകുതിയോളം ഈ റോഡിന്റെ ഇരുവശങ്ങളിലാണുള്ളത്. ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടി നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികളും കര്‍ഷകരും.
വിജനമായ സ്ഥലങ്ങളില്‍ ഇരുളിന്റെ മറവിലാണ് പതിവായി ശൗചാലയമാലിന്യം തള്ളുന്നത്. മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങക്ക് രാത്രി മുതല്‍ പുലര്‍ച്ചെവരെ പൊതു നിരത്തിലൂടെ ഓടിക്കാന്‍ അനുമതി നല്‍കാതിരുന്നാല്‍ ഒരുപരിധിവരെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
ഇതിനിടെ എലിക്കുളത്ത് ലിറ്റില്‍ ഫ്‌ലവര്‍ പള്ളിക്കു സമീപം തോട്ടില്‍ മാലിന്യം തള്ളാന്‍ എത്തിയവരെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പോലീസിൽ ഏൽപിച്ചത്. നവംബറില്‍ മാത്രം ജില്ലയില്‍ അരഡസനോളം മാലിന്യം തള്ളിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഒരു കേസും പിടിക്കപ്പെട്ടില്ല.
അതേമസയം, ശബരിമല ഡ്യൂട്ടി കാരണം പല സ്‌റ്റേഷനുകളിലും ആളില്ലാത്ത അവസ്ഥയുണ്ട്. എരുമേലിയില്‍ മാത്രം ജില്ലയില്‍ നിന്നു 500 പോലീസുകാരെയാണ് നിയോഗിച്ചത്. മറ്റു ഡ്യൂട്ടികള്‍ക്കു കൂടി ആളെ നിയോഗിക്കുമ്പോള്‍ സ്‌റ്റേഷനില്‍ പോലീസുകാരില്ലാത്ത അവസ്ഥയുണ്ട്. പോലീസിന്റെ സാന്നിധ്യം കുറഞ്ഞതോടെ അപകടങ്ങളും ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us