/sathyam/media/post_attachments/sF7OA2qXQJXGzxGWzYFw.jpg)
തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന ഇ-മെയില്‍ സന്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദേശം. ബാംഗ്ലൂര്‍ വിമാനത്താവളത്തിലാണ് ഇ - മെയില്‍ സന്ദേശം എത്തിയത്.
ഇതേതുടര്‍ന്ന് തിരുവനന്തപുരമടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും ജാഗ്രതാ നിര്‍ദേശമായി കൈമാറുകയായിരുന്നു. ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങളിലും കേരളത്തിലെ വിമാനത്താവളങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശത്തിലുള്ളത്.
സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. വിമാനത്താവള പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കി. ബാംഗ്ലൂര്‍ വിമാനത്താവളത്തിലാണ് ഇമെയില്‍ സന്ദേശമെത്തിയതെന്നും കേരളത്തിലെ വിമാനത്താവളത്തിലും ആക്രമണം നടത്തുമെന്ന് സന്ദേശത്തിലുള്ളതിനാലാണ് മുന്‍കരുതല്‍ സ്വീകരിച്ചതെന്നും തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം എന്ന് പ്രത്യേകം ഇ-മെയിലില്‍ പരാമര്‍ശിക്കുന്നില്ല.
ഭീഷണി സന്ദേശം കണക്കിലെടുത്ത് സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ചുവെന്നും അസാധാരണ സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വൈകിട്ട് ആറു മുതല്‍ മാത്രമാണ് വിമാന സര്‍വീസുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കമ്മിറ്റി ചേര്‍ന്നു. മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.