New Update
/sathyam/media/media_files/2025/02/25/ZxIXFKlIicQ0ZNzfbMjm.jpg)
തിരുവനന്തപുരം:ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായുള്ള അടിയന്തര ആരോഗ്യ സേവന കേന്ദ്രം ഫേസ് 3 കാമ്പസിലെ യമുന കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുടെ സാന്നിധ്യത്തില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ആരോഗ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
Advertisment
ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സേവനം ലഭ്യമാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്കിന്‍റെ ആംബുലന്‍സ് സേവനവും ഇവിടെ ലഭ്യമാണ്.
ടെക്നോപാര്‍ക്ക് ഫേസ് 3 യിലെ ഗംഗ, യമുന, നയാഗ്ര കെട്ടിടങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10000 ത്തോളം ജീവനക്കാര്‍ക്ക് ആരോഗ്യ കേന്ദ്രത്തിന്‍റെ സേവനം ലഭ്യമാകും. ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ അടിയന്തര വൈദ്യസഹായം ഇതിലൂടെ ലഭിക്കും.
ഇവിടെയെത്തുന്ന രോഗികളെ ആവശ്യമെങ്കില്‍ ടെക്നോപാര്‍ക്ക് കാമ്പസിലെ സഹകരണ ആശുപത്രിയിലേക്കോ മറ്റ് പ്രധാന ആശുപത്രിയിലേക്കോ ഡോക്ടര്‍ റഫര്‍ ചെയ്യും. ഒ.പി. കണ്‍സള്‍ട്ടേഷന്‍, കാഷ്വാലിറ്റി സേവനങ്ങള്‍, ഫിസിയോതെറാപ്പി, മൊബൈല്‍ സാമ്പിള്‍ ശേഖരണ യൂണിറ്റ്, സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് കെയര്‍, ആര്‍.ടി.പി.സി.ആര്‍.ടി ഉള്‍പ്പെടെയുള്ള ലാബ് സേവനങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍ (അഡ്മിനിസ്ട്രേഷന്‍) മുരളി ആര്‍, ഇ-ഗവേണന്‍സ് ആന്‍ഡ് ട്രെയിനിംഗ്- ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ് (ഐസിഎഫ്ഒഎസ്എസ്) മേധാവി രാജീവ് ആര്‍ ആര്‍, ടെക്നോപാര്‍ക്ക് ഡിജിഎം (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, ടെക്നോപാര്‍ക്ക് അസിസ്റ്റന്‍റ് ജിഎം (അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡിഎസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.