/sathyam/media/media_files/SG691FdxXCw5HGFQqKdb.png)
കൊച്ചി: ആർ.എം.ഇസഡ്. ഫൗണ്ടേഷന്‍ (ആര്‍എംഇസെഡ്എഫ്) ചെയർപേഴ്സൺ അനു മെൻഡ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) പ്ലാറ്റിനം ബെനഫാക്ടർ ആയി.
കെ.ബി.എഫിന്റെ പ്രവർത്തനങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തെ സാമ്പത്തിക പിന്തുണ അവര്‍ ഇതിലൂടെ നല്‍കുന്നു. കിരൺ നാടാർ, മറിയം റാം, ഷബാന ഫൈസൽ, സംഗീത ജിൻഡാൽ, അദീബ് അഹമ്മദ്, ഷെഫാലി വർമ്മ എന്നിവരടങ്ങുന്ന പ്ലാറ്റിനം ബെനഫാക്ടർമാരുടെ നിരയിലേക്കാണ് അവർ എത്തിച്ചേർന്നിരിക്കുന്നത്.
ആർ.എം.ഇസെഡ് ഫൗണ്ടേഷന്റെ അദ്ധ്യക്ഷ എന്ന നിലയിൽ, കലയെ പൊതു-നാഗരിക ഇടങ്ങളുമായി സമന്വയിപ്പിക്കുന്നതിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ അനു മെന്‍ഡ നടത്തിയിട്ടുണ്ട്. ഇത് സമൂഹത്തില്‍ സംവാദങ്ങൾക്കും, ചിന്തകൾക്കും, സാമൂഹിക ആശയവിനിമയത്തിനും അവസരങ്ങൾ സൃഷ്ടിച്ചു. കലയുടെ നൈരന്തര്യമായ പരിവര്‍ത്തനത്തിലുള്ള അവരുടെ വിശ്വാസം രാജ്യത്തുടനീളം എല്ലാവരിലേക്കും കലയെ എത്തിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രമങ്ങൾക്ക് ദിശാബോധം നൽകി വരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേള എന്ന നിലയിൽ, കൊച്ചി-മുസിരിസ് ബിനാലെ(കെഎംബി) സർഗ്ഗാത്മകമായ ആവിഷ്കാരത്തിനും കൈമാറ്റത്തിനുമുള്ള സുപ്രധാന വേദിയായി വളർന്നു കഴിഞ്ഞെന്ന് അവര്‍ ചൂണ്ടിക്കാട്ടി.സമകാലിക കലയെ പരിവര്‍ത്തനം ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്നതിനും, സാംസ്കാരികമായ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും കെഎംബി നല്‍കുന്ന സംഭാവനകള്‍ വലുതാണെന്ന് അനു മെൻഡ പറഞ്ഞു.
അനു മെൻഡ ബിനാലെയ്ക്ക് നൽകുന്ന പിന്തുണ കൃതജ്ഞതയോടെ സ്വീകരിക്കുന്നുവെന്ന് കെബിഎഫ് സിഇഒ തോമസ് വർഗീസ് പറഞ്ഞു. കലാപരമായ കൊടുക്കൽ വാങ്ങൽ, വിജ്ഞാന വർധനം, സാംസ്ക്കാരിക പൈതൃകം സംരക്ഷിക്കൽ എന്നിവയ്ക്കുള്ള ഇടം ഒരുക്കുന്നതിൽ ബിനാലെ നൽകി വരുന്ന വിശ്വാസം കാത്തു സൂക്ഷിക്കാൻ ഈ പിന്തുണ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ഡെൽഫിന ഫൗണ്ടേഷന്റെ ഗ്ലോബൽ കൗൺസിൽ അംഗം, ഏഷ്യ സൊസൈറ്റി ഇന്ത്യ സെന്ററിന്റെ കൾച്ചറൽ അംബാസഡർ, ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്ട്‌സിന്റെ രക്ഷാധികാരി, കൂടാതെ സിഐഐ ദേശീയ കലാ-സാംസ്കാരിക സമിതി, കർണാടക ക്രാഫ്റ്റ്സ് കൗൺസിൽ, വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ, ബാംഗ്ലൂർ ഇന്റർനാഷണൽ സെന്റർ എന്നിവയിലെ അംഗം എന്നീ നിലകളിലും മെൻഡ നേതൃപരമായ പദവികൾ വഹിക്കുന്നുണ്ട്.സമൂഹത്തില്‍ ആഴത്തിലുറച്ച സാംസ്ക്കാരിക അനുഭവങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകുക എന്നതാണ് അനു മെന്‍ഡയുടെ കാഴ്ചപ്പാട്.
ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12-ന് ആരംഭിച്ച് ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം 2026 മാർച്ച് 31 ന് അവസാനിക്കും.
സമകാലീന കലാരംഗത്തെ ആഗോള സംഭാഷണങ്ങൾ, കലകളിലേക്ക് സമത്വത്തോടെയുള്ള പ്രവേശനം, സാമൂഹിക ഉന്നമനം എന്നിവ പരിപോഷിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് 2015-ൽ അനു മെന്‍ഡ സ്ഥാപിച്ച ആർ.എം.ഇസഡ്. ഫൗണ്ടേഷൻ വഹിച്ചു വരുന്നു. യോർക്ക്‌ഷെയർ സ്‌കൾപ്‌ചർ പാർക്ക്, ഫ്രീസ് സ്‌കൾപ്‌ചർ, ആർട്ട് മുംബൈ തുടങ്ങിയ പ്രശസ്തമായ പരിപാടികളിലെ സഹകരണവും ഇതിനുണ്ട്. വനിതാ കലാകാരന്മാരെ വ്യാപകമായി പിന്തുണയ്ക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് ഈ ഫൗണ്ടേഷൻ. ശിൽപ ഗുപ്ത, ഷെയ്ഖ അൽ മസ്രൂ, വിഭ ഗൽഹോത്ര, സുഹാസിനി കേജ്‌രിവാൾ തുടങ്ങിയവരുടെ സൃഷ്ടികൾ ഫൗണ്ടേഷന്റെ ശേഖരത്തിൽ ഉൾപ്പെടുന്നുണ്ട്.