കോട്ടയം: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി രവിയുടെ മൊഴി രേഖപ്പെടുത്തിയതിൽ വിശദീകരണവുമായി ഡിസി ബുക്സ്. കരാര്‍ ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇ.പി.ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്. ജയരാജനുമായി വാക്കാൽ കരാര്‍ ഉണ്ടെന്ന് രവി ഡിസി മൊഴി നൽകി. കരാര്‍ ഇല്ലെന്ന് ഡിസി രവി മൊഴി നൽകിയെന്നാണ് പോലീസ് വിശദീകരണം. എന്നാൽ ഇത് നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ഡിസി ബുക്സ് രംഗത്തെത്തിയത്.
ചില മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡിസി ബുക്സ് വിശദീകരിച്ചു. നടപടി ക്രമം പാലിച്ചു മാത്രമേ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്സ് വ്യക്തമാക്കി.