/sathyam/media/media_files/I2i4IxHa0z44tHEazai1.jpg)
തിരുവനന്തപുരം: സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സി.പി.എം സംസ്ഥാന കമ്മിറ്റി ഈ മാസം 31ന് ചേരും. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്നതിന് തൊട്ടുതലേന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ നടപടി എടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജൻ കൂടിക്കാഴ്ച നടത്തിയത് ഗൗരവമായ പ്രശ്നമാണെന്ന് സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
അതു കൊണ്ടു തന്നെ ഇ.പി. ജയരാജൻ ബി.ജെ.പി ദേശീയ നേതാവുമായി നടത്തിയ കൂടിക്കാഴ്ച ഇത്തവണത്തെ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.
മുന്നണിയുടെ രാഷ്ട്രീയ നയത്തിന് വിരുദ്ധമായി ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി. ജയരാജൻെറ നടപടിയെ സി.പി.ഐ രൂക്ഷമായി വിമർശിച്ചിരുന്നു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തിരിക്കുന്ന ജയരാജൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നടപടിയാണത് എന്നാണ് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. പ്രകാശ് ബാബു പ്രതികരിച്ചത്.
എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ മാത്രമല്ല, ഇടതുപക്ഷ
മുന്നണിയുടെ നേതാവ് എന്ന നിലയിൽ പോലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ജയരാജൻെറ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ഒരിക്കലും അംഗീകരിക്കാൻ ആകില്ല. മുന്നണിയുടെ നയത്തിന് വിരുദ്ധമായി ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ജയരാജന് എതിരെ നടപടി വേണോയെന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണെന്നും പ്രകാശ് ബാബു പ്രതികരിച്ചിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 5 മണ്ഡലങ്ങളിൽ ബി.ജെ.പി അണിനിരത്തിയ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന ഇ.പി. ജയരാജൻെറ പ്രതികരണവും വിവാദമായിരുന്നു. അതിനെതിരെ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് തന്നെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്യാതിരിക്കാൻ സി.പി.എമ്മിന് കഴിയില്ല.
ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിച്ച പ്രശ്നത്തിന് പരിഹാരമില്ലെന്ന് വന്നാൽ വരുംകാലം തിരഞ്ഞെടുപ്പുകളിൽ അത് ദോഷകരമായി മാറും.
കേന്ദ്രകമ്മിറ്റിഅംഗമായ ജയരാജനെതിരെ നടപടിഎടുക്കാൻ അദ്ദേഹത്തിൻെറ ഘടകത്തിനെ അധികാരമുളളു. എന്നാൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് തടസമില്ല. സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇ.പി. ജയരാജനെ മുന്നണി കൺവീനറായി തീരുമാനിച്ചത്.
ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ നേതാവിനെ മുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് രാഷ്ട്രീയമായും ഗുണകരമല്ല. അതുകൊണ്ടുതന്നെ ജയരാജനെതിരായ നടപടി കൺവീനർ സ്ഥാനത്ത് നിന്നുളള നീക്കം ചെയ്യലാകാനാണ് സാധ്യത. സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്ന സംസ്ഥാനകമ്മിറ്റിയിൽ കെടിഡിസി ചെയർമാൻ പി.കെ. ശശിയ്ക്കെതിരായ നടപടിക്കും അംഗീകാരം നൽകും.
ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് ഏതാനം ദിവസം മുൻപാണ് ജാവദേക്കർ-ജയരാജൻ കൂടിക്കാഴ്ച ആരോപണമായി പുറത്തുവരുന്നത്. ദല്ലാൾ നന്ദ കുമാറും ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രനും തമ്മിലുളള ആരോപണ - പ്രത്യാരോപണങ്ങൾക്കിടെയാണ് ജാവദേക്കർ ജയരാജൻ കൂടിക്കാഴ്ച വെളിപ്പെട്ടത്.
ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണം വോട്ടെടുപ്പിൻെറ അവസാന ദിവസങ്ങളിൽ വലിയ ചർച്ചയായി. വോട്ടെടുപ്പ് ദിവസം ഇ.പി. ജയരാജൻ തന്നെ കൂടിക്കാഴ്ചക്ക് സ്ഥിരീകരണം നൽകിയതോടെ വിഷയം കത്തിപ്പടർന്നു. ഇടതുപക്ഷത്തിൻെറ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ നയത്തിൻെറ വിശ്വാസ്യത ഇടിക്കുന്ന ജാവദേക്കർ -ജയരാജൻ കൂടിക്കാഴ്ച വോട്ടെടുപ്പിൽ കാര്യമായ പ്രതിഫലിച്ചുവെന്നാണ് സി.പി.എമ്മിൻെറയും സി.പി.ഐയുടെയും മറ്റ് ഘടകകക്ഷികളുടെയും വിലയിരുത്തൽ.
ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ജയരാജൻ നൽകിയ വിശദീകരണം യുക്തി സഹമോ വിശ്വാസ്യയോഗ്യമോ അല്ലെന്ന് എൻ.സി.പി അടക്കമുളള എൽ.ഡി.എഫിലെ ഘടകകക്ഷികൾ അവരുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.