പെരുമ്പാവൂർ: മുംബൈ ഡോംബിവില്ലി വെസ്റ്റ് നിമേഡ്ഗല്ലിയിലെ ചന്ദ്രഹാസ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ചെറിയൊരു സ്റ്റുഡിയോ ഫ്ലാറ്റിലിരുന്നു പരിമിതമായ ജീവിതസാഹചര്യത്തിൽ വിജയ് പഠിച്ചു നേടിയത് അധികമാർക്കും എത്തിപ്പിടിയ്ക്കാനാകാത്ത നേട്ടങ്ങളായിരുന്നു.
പെരുമ്പാവൂർ കൂവപ്പടി, കൂടാലപ്പാട് സിദ്ധൻ കവലയ്ക്കു സമീപം കളമ്പാട്ടുകൂടി വീട്ടിൽ വേലായുധന്റെയും ശ്രീമൂലനഗരം സ്വദേശിനി ലതികയുടെയും ഏകമകൻ വിജയ് വേലായുധനെ ഇക്കഴിഞ്ഞ 29-നാണ് ഡോംബിവില്ലിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
താനെയിൽ പുതിയതായി വാങ്ങിയ ഫ്ലാറ്റിൽ പോയി തിരിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് മരിച്ചുകിടക്കുന്ന മകനെയാണ്.
സഹപാഠിയും മുംബൈ മലയാളിയുമായ പെൺകുട്ടിയുമായുള്ള വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിയ്ക്കെയാണ് 33-കാരനായ യുവാവിന്റെ മരണം. മുംബൈ ടാറ്റ മിൽസിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറായി വിരമിച്ചയാളാണ് അച്ഛൻ വേലായുധൻ.
/sathyam/media/media_files/2025/01/30/Yxy2pOanzA14Zc6bXX2U.jpg)
ഡോംബിവില്ലി കേരളീയ സമാജം മോഡൽ ഇംഗ്ലീഷ് സ്‌കൂളിലും കോളേജിലുമായിരുന്നു വിജയ്‌യുടെ പ്രാഥമിക വിദ്യാഭ്യാസം. ബി.ബി.എയ്ക്കുശേഷം രാജ്യത്തെ ഏറ്റവും ഉന്നതനിലവാരത്തിലുള്ള മാനേജ്‌മെന്റ് സ്‌കൂളിൽ നിന്നും എം.ബി.എ. പഠനം ഉയർന്നമാർക്കോടെ പൂർത്തിയാക്കിയ ഉടൻ ഗൂഗിളിൽ ജോലി.
ഒടുവിൽ സിംഗപ്പൂരിലെ കോർപ്പറേറ്റ് ഓഫീസിൽ മികച്ച ശമ്പളത്തോടെ ഏഷ്യാ-പസഫിക് റീജിയൻ സ്ട്രാറ്റജിക് ഹെഡ് ആയി നിയമനം.
കൊറോണക്കാലത്ത് മാതാപിതാക്കളുടെ നിർബ്ബന്ധപ്രകാരം ഗൂഗിളിലെ ജോലിയ്ക്കൊപ്പം ഫ്ലാറ്റിലിരുന്നു സിവിൽസർവ്വീസ് പഠനം. ദേശീയതലത്തിൽ 49 -താമത്തെ റാങ്കിൽ ഐ.എ.എസ്. തുടർന്ന് ഗോവയിൽ സബ് കളക്ടറായി നിയമനം.
ഐ.എ.എസ്. നേടിയശേഷം രണ്ടുവർഷം മുമ്പ് കൂടാലപ്പാടും ശ്രീമൂലനഗരത്തിലും വന്ന് ബന്ധുക്കളുടെ അനുഗ്രഹം തേടി ഗുരുവായൂർ ക്ഷേത്രദർശനവും കഴിഞ്ഞു മടങ്ങിയതാണ് വിജയ്.
/sathyam/media/media_files/2025/01/30/5BwRUN7UV3OyQc81mWwm.jpg)
ലോകപ്രശസ്തമായ ഗൂഗിളിലെ ഉന്നതശ്രേണിയിലെ ജോലിയും ഉയർന്ന ശമ്പളവും ഉന്നത ജീവിതനിലവാരവും സ്വന്തമായിട്ടും വിവാഹം നടക്കാനിരിയ്ക്കെയുണ്ടായ വിജയ്‌യുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.
കൂടാലപ്പാട് വിശ്വകർമ്മസഭ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച വൈകിട്ട് മുംബൈയിൽ സംസ്കരിച്ചു.