എരുമേലിയിൽ ശൗചാലയ ഉപയോഗത്തിനും വാഹന പാര്‍ക്കിംഗിനും അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍. പാര്‍ക്കിങ് ഫീസ് സംബന്ധിച്ച ബോര്‍ഡ് മറച്ചു വയ്ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഹൈക്കോടതി കര്‍ശനമായി നിരോധിച്ച രാസസിന്ദൂരം കടകളില്‍ വിറ്റഴിക്കുന്ന സ്ഥിതി മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം

ശൗചാലയം യൂസര്‍ ഫീ വിഷയത്തിലും അമിത നിരക്ക് അനുവദിക്കരുത്

New Update
1001464348

എരുമേലി:  ശൗചാലയ ഉപയോഗത്തിനും വാഹന പാര്‍ക്കിംഗിനും അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാസനിര്‍മിത സിന്ദൂരം വില്‍ക്കുന്നത് തടയണമെന്നും  ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരോട് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍ നിര്‍ദേശിച്ചു.

Advertisment

എരുമേലിയിലെ ശബരിമല സീസണ്‍ സ്ഥാപനങ്ങളില്‍ അമിത നിരക്ക് ഉള്‍പ്പെടെ പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍.

ഹൈക്കോടതി കര്‍ശനമായി നിരോധിച്ച രാസസിന്ദൂരം എരുമേലിയില്‍ ദേവസ്വംവക സ്ഥലങ്ങളിലെ കടകളില്‍ വിറ്റഴിക്കുന്ന സ്ഥിതി മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

വില്പന കണ്ടെത്തിയാല്‍ ഉത്തരവാദി ഉദ്യോഗസ്ഥര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ നിലയില്‍ സര്‍ക്കാര്‍ അംഗീകൃത വിലവിവരപ്പട്ടിക കടകളില്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ഓരോ തവണ കടകള്‍ പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കണം. പാര്‍ക്കിംഗ് ഫീസ് സംബന്ധിച്ച ബോര്‍ഡ് മറച്ചു വയ്ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം.

കൂടിയ തുക പാര്‍ക്കിംഗ് ഫീസായി ഈടാക്കിയെന്ന് പരാതി ലഭിച്ചാല്‍ ഒട്ടും വൈകാതെ നടപടി സ്വീകരിക്കണം.

ശൗചാലയം യൂസര്‍ ഫീ വിഷയത്തിലും അമിത നിരക്ക് അനുവദിക്കരുത്. അയ്യപ്പഭക്തര്‍ കുളിക്കുന്ന കടവില്‍ ദിവസവും വെള്ളം മാലിന്യരഹിതമാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

ദേവസ്വം ബോര്‍ഡില്‍നിന്ന് കടകള്‍, ശൗചാലയം, പാര്‍ക്കിംഗ് അടക്കം ലേലത്തില്‍ എടുത്തവര്‍ അവരുടെ പേര്, ലൈസന്‍സി നമ്പര്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ദേവസ്വം എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. സ്മിതനും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Advertisment