മകരവിളക്ക് ഉത്സവം, എരുമേലിയിൽ സുരക്ഷ ശക്തമാക്കി. എരുമേലിയില്‍ നിയന്ത്രണം കടുപ്പിച്ച്‌ പോലീസ്. കാനന പാതയിലൂടെയുള്ള സഞ്ചാരത്തിനും നിയന്ത്രണം

ഏതാനും സമയം കഴിഞ്ഞ് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തിരക്ക് കുറയുന്ന പ്രകാരം ഭക്തരെ കടത്തിവിടാമെന്ന് പോലീസുകാർ വിവിധ ഭാഷകളില്‍ പറഞ്ഞുകൊണ്ടിരുന്നു

New Update
1001556617

എരുമേലി: മകരവിളക്ക് അടുത്തതോടെ എരുമേലിയില്‍ വൻ ഭക്തജന തിരക്ക്. നിയന്ത്രണം കടുപ്പിച്ച്‌ പോലീസ്.

Advertisment

തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.

എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം ഇന്നു ഉച്ചയ്ക്ക് '12' മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് '03' മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് '05' മണിവരെയും നിജപ്പെടുത്തിയിട്ടുളളതും, തുടർന്ന് മേൽപ്പറഞ്ഞ സമയങ്ങൾക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുളള എല്ലാ സഞ്ചാരങ്ങളും നിരോധിച്ചു.

എരുമേലി ടൗണും പരിസരങ്ങളും എരുമേലിയിലെ കാനനപാതയുടെ പ്രവേശന ഭാഗങ്ങളും സംഘർഷങ്ങളില്‍ നിറയുമ്പോള്‍ റോഡുകളില്‍ കുരുക്കുകളായി വാഹനങ്ങളും യാത്രക്കാരും അതീവ ദുരിതങ്ങളില്‍ കഴിയുകയായിരുന്നു.

ഇന്നലെ തിരക്കു വർധിച്ചതോടെ എരുമേലിയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയും പോലീസ് കഠിന പ്രയത്നം ചെയ്താണ് ശബരിമല തീർഥാടകരെ വഴിയിലുടനീളം തടഞ്ഞിരുന്നു.

ഇങ്ങനെ ഒരു ദിവസം മൊത്തം ഇടതടവില്ലാതെ തടയേണ്ടി വന്നത് എരുമേലിയില്‍ ശബരിമല സീസണില്‍ ആദ്യമാണ്.

റോഡില്‍ കയർ കുറുകെ കെട്ടി നൂറുകണക്കിന് അയ്യപ്പഭക്തരെ ശബരിമല പാതയിലേക്ക് വിടാതെ പോലീസ് തടഞ്ഞു നിർത്തുമ്പോള്‍ പോലീസുകാരോട് അയ്യപ്പഭക്തർ മാത്രമല്ല നാട്ടുകാരും കയർത്തു.

പമ്പയിലും സന്നിധാനത്തും പരിധിയില്‍ കൂടുതല്‍ ഭക്തരാണ്, ഇനിയും ആളുകള്‍ ചെന്നാല്‍ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന മറുപടിയാണ് പോലീസ് തീർഥാടകർക്ക് നൽകിയത്.

ഏതാനും സമയം കഴിഞ്ഞ് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തിരക്ക് കുറയുന്ന പ്രകാരം ഭക്തരെ കടത്തിവിടാമെന്ന് പോലീസുകാർ വിവിധ ഭാഷകളില്‍ പറഞ്ഞുകൊണ്ടിരുന്നു.

ജില്ലാ പോലിസ് മേധാവി എ. ഷാഹുല്‍ ഹമീദ് എരുമേലിയില്‍ ക്യാമ്പ് ചെയ്താണ് പോലീസ് സേനയ്ക്ക് മേല്‍നോട്ടം നടത്തിക്കൊണ്ടിരുന്നത്.

നൂറുകണക്കിന് ആളുകള്‍ക്കാണ് ഇന്നലെ എരുമേലിയില്‍ കടുത്ത യാത്രാദുരിതം നേരിട്ടത്.

അയ്യപ്പഭക്തർക്ക് മണിക്കൂറുകളോളം റോഡില്‍ കഴിയേണ്ടി വന്നു. നടന്നുപോകുന്ന ഭക്തരാണ് ഏറെ സമയം റോഡുകളില്‍ തടയപ്പെട്ടത്.

 ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് തിരക്കിന് അല്പം ശമനമായത്.

Advertisment