/sathyam/media/media_files/2024/11/11/55VywXyZf5JRe0FmWJIu.jpg)
എരുമേലി: കാട്ടുപന്നിയിറങ്ങി ഉണ്ടാക്കുന്ന അപകടങ്ങളില്‍ വലഞ്ഞ് എരുമേലിക്കാര്‍. ഇന്നലെ കോളജില്‍ നിന്നും മടങ്ങി ബൈക്കില്‍ വരുകയായിരുന്ന വിദ്യാര്‍ഥിയെ കാട്ടുപന്നി കുത്തിവീഴ്ത്തിയിരുന്നു.
ഇടകടത്തി കരോട്ട് പുതിയത്ത് സെബിന്‍ സജിക്കാണ് കാട്ടു പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇടകടത്തി മന്ദിരം പടിയിലാണ് സംഭവം.
ബൈക്കില്‍ വരികയായിരുന്ന സെബിനെ ഒറ്റയാന്‍ പന്നി ആക്രമിക്കുകയായിരുന്നു. ബൈക്ക് കുത്തി മറിക്കുകയായിരുന്നു. കൈക്ക് പരുക്കേറ്റ സെബിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നിരുന്നു.
മാസങ്ങള്‍ക്കു മുന്‍പാണ് എ.ടി.എമ്മിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നിയില്‍ നിന്നു പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. എരുമേലി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ഐ.ബി.യുടെ എ.ടി.എം കൗണ്ടറിലാണ് കാട്ടുപന്നി ഇടിച്ചു കയറിയത്.
എ.ടി.എമ്മിന്റെ വലിയ ഗ്ലാസ് വാതില്‍ തകര്‍ത്തു പന്നി അകത്ത് പ്രവേശിച്ചതോടെ ഭയന്നുപോയ വയോധികന്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കാട്ടുപന്നി കുറുകെ ചാടി വണ്ടി മറിയുന്ന സംഭവങ്ങള്‍ എരുമേലിയില്‍ നിത്യസംഭവമാണ്. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്ത് കാട്ടുപന്നി കാറിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് കനാലില്‍ വീണിരുന്നു.
ബംഗളൂരു സ്വദേശികള്‍ക്കാണ് അന്നു പരുക്കേറ്റത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെക്കാന്‍ അനുവാദം ഉണ്ടെങ്കിലും ഇതു പലപ്പോഴും സാധിക്കാറില്ലെന്നു നാട്ടുകാര്‍ പറയുന്നു.
നൊടിയിടയില്‍ അക്രമണം നടത്തി ഓടിപോകുന്ന കാട്ടുപന്നിയെ പിന്നീട് കണ്ടു കിട്ടുക ഏറെ പ്രയാസകരമാണ്. വനപ്രദേശം ഏറെയുള്ളതിനാൽ ഒന്നോ രണ്ടോ എണ്ണത്തിനെ വെടിവെച്ചു കൊന്നാലും കാര്യമില്ലെന്നും ജനങ്ങള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us