എരുമേലി: വീടിനു തീപിടിച്ചു അച്ഛനും അമ്മയും മകളും മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ എരുമേലി ശ്രീനിപുരം ഗ്രാമം.
ഇന്നലെ വരെ തങ്ങള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നവര്‍ ഒരു നിമിഷം കൊണ്ട് എരിഞ്ഞ് ഇല്ലാതായത് വിശ്വസിക്കാന്‍ ഇനിയും ഇവര്‍ക്കായിട്ടില്ല.
ശ്രീനിപുരം ഗ്രാമത്തെ ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ശ്രീനിപുരം പുത്തന്‍പുരക്കല്‍ സത്യപാലന്‍ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകള്‍ അഞ്ജലി (26) എന്നിവരാണ് ദാരുണമായി മരിച്ചത്.
പൊള്ളലേറ്റ മകന്‍ അഖിലേഷ് (ഉണ്ണിക്കുട്ടന്‍-23) പരുക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
പ്രണയത്തെ തുടര്‍ന്ന് മകള്‍ വീടു വിട്ടു പോകാന്‍ ശ്രമിച്ചത് തടുക്കാന്‍ സീതമ്മ പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് പിന്നീട് വീടിന് തീപിടിച്ച് വന്‍ അപകടമായി മാറിയതെന്നാണു പോലീസിന്റെ അന്വേഷണത്തില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം.
വിദേശത്ത് നഴ്‌സായ മകള്‍ അഞ്ജലി കഴിഞ്ഞ ദിവസം അവധിക്ക് നാട്ടില്‍ എത്തിയത്. അയല്‍വാസിയായ യുവാവുമായി അഞ്ജലി പ്രണയത്തിലായിരുന്നു.
നാട്ടില്‍ എത്തിയ അഞ്ജലിയെ വിളിച്ചുകൊണ്ടു പോകാന്‍ യുവാവ് വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.
യുവാവിനൊപ്പം പോകാന്‍ അഞ്ജലി സന്നദ്ധമായി. യുവാവിനൊപ്പം മകള്‍ പോകുമെന്ന് തടയാൻ കതക് അടച്ചു മകളെ വീടിനകത്താക്കി തടഞ്ഞ അമ്മയും അച്ഛനും മകളോട് പോകരുതെന്ന് കര്‍ശനമായി ആവശ്യപ്പെട്ടു.
അത് കൂട്ടാക്കാതെ മകള്‍ തന്റെ നിലപാടില്‍ നിന്ന് പിന്മാറിയില്ല. യുവാവ് തിരികെ പോയ ശേഷം വീട്ടില്‍ വഴക്ക് തുടര്‍ന്നു.
പോകുമെന്ന മകളുടെ പിടിവാശിയും പോകരുതെന്ന മാതാപിതാക്കളുടെ ശാസനയും വഴക്കും ബഹളവും രൂക്ഷമാക്കിയതിനിടെ പെട്രോള്‍ കയ്യിലെടുത്ത സീതമ്മ പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ച് മകളെ പോകരുതെന്നും പോയാല്‍ നീ എന്റെ ശവത്തില്‍ ചവിട്ടി അല്ലാതെ പുറത്തു പോകില്ലന്നും പറഞ്ഞു.
വഴക്കിനിടെ പെട്ടന്ന് തീ കൊളുത്തിയതാണ് ദുരന്തത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് ശേഖരിച്ച പ്രാഥമിക വിവരം.
പെട്രോള്‍ പടര്‍ന്ന ഭാഗങ്ങളിലെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടരുകയും ദേഹത്ത് തീയാളുന്നതിന്റെ പ്രാണ രക്ഷാര്‍ത്ഥം അമ്മ വീടിനുള്ളില്‍ ഓടുകയും ചെയ്തപ്പോള്‍ അടച്ചിട്ട വീടിനുള്ളില്‍ ആളിപ്പടര്‍ന്ന തീ വ്യാപിച്ച് വൈദ്യുതിയും വീടിനുള്ളില്‍ ഉപകരണങ്ങളും കത്തിയതോടെ ഭര്‍ത്താവും മകളും തീയില്‍ പെട്ടെന്നാണ് പോലീസിന്റെ അനുമാനം.
അച്ഛനും അമ്മയും ഏക സഹോദരിയും കണ്മുമ്പില്‍ തീപിടിച്ചു കത്തുമ്പോള്‍ ഒപ്പം തീയിലും പുകയിലും പെട്ട് വീടിനുള്ളില്‍ അപകടത്തിലായിരുന്നു സഹോദരന്‍ അഖിലേഷ് എന്ന ഉണ്ണിക്കുട്ടന്‍.
പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉണ്ണിക്കുട്ടന്റെ നില ഗുരുതരമല്ലന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.