കോട്ടയം: അച്ഛനും അമ്മയും ഏക സഹോദരിയും കണ്മുമ്പില്‍ തീപിടിച്ചു കത്തിയമര്‍ന്നു. ഒടുവില്‍ നാടിന്റെ നോവായി അഖിലേഷ് എന്ന ഉണ്ണിക്കുട്ടന്‍. കുടുംബത്തിനൊപ്പം തീയിലും പുകയിലും പെട്ട് വീടിനുള്ളില്‍ അപകടത്തിലായിരുന്നു ഇരുപത്തിമൂന്നുകാരനായ ഉണ്ണിക്കുട്ടന്‍.
പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഉണ്ണിക്കുട്ടന്‍. സാരമായി പരുക്കുകള്‍ ഉണ്ടെങ്കിലും ഉണ്ണിക്കുട്ടന്റെ നില ഗുരുതരമല്ലന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തന്‍പുരക്കല്‍ സത്യപാലന്‍ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകള്‍ അഞ്ജലി (26) എന്നിവരാണ് ദാരുണമായി മരിച്ചത്.
തീഗോളം പോലെ ഒരാള്‍ റോഡിലേക്ക് ഓടിയെത്തി വീഴുന്നത് കണ്ട നാട്ടുകാര്‍ക്കും ആ കാഴച മറക്കാനാവില്ല. നാട്ടുകാരും ചേര്‍ന്നാണ് തുണിയും മറ്റും ഉപയോഗിച്ച് തീ കെടുത്തി ആദ്യ രക്ഷപ്രവര്‍ത്തനം തുടങ്ങിയത്. അഞ്ജലി ആണ് തീഗോളം പോലെ റോഡിലേക്ക് ഓടിയെത്തി വീണത്.
അഞ്ജലിയെ ഉടനെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ്ക്കുമ്പോള്‍ നാട്ടുകാര്‍ വെള്ളം ഒഴിച്ച് വീടിനുള്ളിലെ കനത്ത തീയും പുകയും അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.
ഉണ്ണിക്കുട്ടന് ഇതിനിടെയാണു പുറത്തു കടക്കാനായത്. തീയും പുകയും കരിഞ്ഞ ഗന്ധവും വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിയ്ക്കുന്ന ശബ്ദങ്ങളും ഒക്കെ രക്ഷപ്രവര്‍ത്തനത്തെ അപകടകരമാക്കിയിരുന്നു.
പോലീസും ഫയര്‍ ഫോഴ്‌സും എത്തിയതോടെ ആണ് തീ പൂര്‍ണമായും കെടുത്താനായത്. വീടിനുള്ളില്‍ വെന്തു മരിച്ച നിലയിലായിരുന്നു സീതമ്മയുടെ മൃതദേഹം.
പൂര്‍ണമായും കത്തിയ നിലയിലായിരുന്ന സത്യപാലന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ ഉടനെ ആശുപത്രിയിലേക്ക് എത്തിയ്ക്കുകയായിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തീവ്ര ചികിത്സയ്ക്കിടെ സത്യപാലനും മകളും മരണപ്പെട്ടു.