എരുമേലി: വീടിനു തീ പിടിച്ചു മരിച്ച എരുമേലി ശ്രീനിപുരത്തെ ഒരു കുടുംബത്തിലെ മൂന്നു പേരുടെയും സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി.
ശ്രീനിപുരത്തെ ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പുത്തന്‍പുരക്കല്‍ സത്യപാലന്‍ (53), ഭാര്യ സീതമ്മ (ശ്രീജ50), മകള്‍ അഞ്ജലി (26) എന്നിവരുടെ സംസ്‌കാര ചടങ്ങുകളാണ് നടന്നത്.
ഏക മകന്‍ അഖിലേഷ് പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ സത്യപാലന്റെ സഹോദരന്റെ മക്കളാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.
ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. വിദേശത്തു നഴ്‌സായ മകള്‍ അഞ്ജലിയും അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു.
നാട്ടില്‍ എത്തിയ അഞ്ജലിയെ വിളിച്ചുകൊണ്ടു പോകാന്‍ യുവാവു വീട്ടിലെത്തിയതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം.
യുവാവിനൊപ്പം പോകാന്‍ അഞ്ജലി സന്നദ്ധമായി.
യുവാവിനൊപ്പം മകള്‍ പോകുമെന്നു തടയാന്‍ കതക് അടച്ചു മകളെ വീടിനകത്താക്കി തടഞ്ഞ അമ്മയും അച്ഛനും മകളോട് പോകരുതെന്നു കര്‍ശനമായി ആവശ്യപ്പെട്ടു.
എന്നാൽ, മകള്‍ തന്റെ നിലപാടില്‍ നിന്നു പിന്മാറിയില്ല. യുവാവ് തിരികെ പോയ ശേഷം വീട്ടില്‍ വഴക്കു തുടര്‍ന്നു.
പോകുമെന്ന മകളുടെ പിടിവാശിയും പോകരുതെന്ന മാതാപിതാക്കളുടെ ശാസനയും വഴക്കും ബഹളവും രൂക്ഷമാക്കിയതിനിടെ പെട്രോള്‍ കയ്യിലെടുത്ത സീതമ്മ പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചു മകളോട് പോകരുതെന്നും പോയാല്‍ നീ എന്റെ ശവത്തില്‍ ചവിട്ടി അല്ലാതെ പുറത്തു പോകില്ലന്നും പറഞ്ഞു.
വഴക്കിനിടെ പെട്ടന്നു തീ കൊളുത്തിയതാണ് ദുരന്തത്തിലേക്ക് എത്തിച്ചതെന്നാണു പോലീസ് പറയുന്നത്.
വീട്ടില്‍ ഉണ്ടായിരുന്ന ഇളയ മകന്‍ അഖിലേഷ് മാത്രമാണ് അപകടത്തില്‍ നിന്നു രക്ഷപെട്ടത്.