ഭംഗിയായി ഒരു മകരവിളക്ക് ഉത്സവകാലം സമാപിച്ചു. ഇക്കുറിയും ഏരുമേലിയിൽ എത്തിയ തീർഥാടകർ വൻ സാമ്പത്തിക ചൂഷണത്തിന് ഇരയായി. അടുത്ത തീർഥാടന കാലത്തെങ്കിലും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ?

എരുമേലിയിൽ ഇക്കുറിയും പരിഹരിക്കാനാവാത്ത ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നത് ഈ ശബരിമല സീസണിന്റെ ശോഭക്ക് മങ്ങലേൽപ്പിച്ചു

New Update
sabarimal142

എരുമേലി: വളരെ ഭംഗിയായി ഒരു മകരവിളക്ക് ഉത്സവകാലത്തിനു പരിസമാപ്തി കുറച്ചു ദിവസമാണു കടന്നു പോയത്.

Advertisment

പക്ഷേ, എരുമേലിയിൽ ഇക്കുറിയും പരിഹരിക്കാനാവാത്ത ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നത് ഈ ശബരിമല സീസണിന്റെ ശോഭക്ക് മങ്ങലേൽപ്പിച്ചു.പേട്ട തുള്ളൽ സാമഗ്രികൾക്കു മുൻ വർഷത്തേതു പോലെ അമിത വില ഇക്കുറിയും  ഈടാക്കിയിരുന്നു.


കലക്ടറുടെ വില നിർണയത്തിൽ കടലാസ് കിരീടത്തിന് 35 രൂപവരെ നൽകേണ്ട അവസ്ഥ വന്നു. പക്ഷേ, കച്ചവടക്കാർ വിറ്റത് അൻപതു രൂപയ്ക്കും. ശരക്കോലിനും ഗദയ്ക്കുമെല്ലാം അഞ്ചിരട്ടി തുക നൽകേണ്ട അവസ്ഥ തീർഥാടകർക്കുണ്ടായി.


ഇതേ തുടർന്നു ശബരിമല കർമ്മസമിതിയും അയ്യപ്പ സേവാസമാജവും ബി.ജെ.പിയും അതിശക്തമായ പ്രതിഷേധം ഉയർത്തി. പിന്നീട് ഹൈക്കോടതി ഇടപെട്ടു പേട്ട തുള്ളൽ സാമഗ്രികളുടെ വില കുറച്ചു.

ശരം 7 , കച്ച 5, ഗദ 8, കിരീടം  6, വാൾ 8 എന്നിങ്ങനെയാണു വില നിശ്ചയിച്ചത്. വില പ്രദർശിപ്പിച്ചു ബോർഡും വെക്കണമെന്നു നിർദേശവും നൽകി.


എന്നാൽ, പല കച്ചവടക്കാരും ഇതു പാലിക്കാൻ തയാറായില്ലെന്നുമാത്രമല്ല വീണ്ടും അമിത വില ഈടാക്കി. ഇവർക്കെതിരെ നടപടിയും ഉണ്ടായില്ലെന്നതാണ് വിചിത്രം.


കൊള്ളലാഭം ഉണ്ടാക്കിയ മറ്റൊരു കൂട്ടർ ഹോട്ടലുകളാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആയിരക്കണക്കിനു തീർഥാടകർ എത്തുന്ന എരുമേലിയിൽ ഹോട്ടലുകൾക്കു വൻ കച്ചവടമാണു നടക്കുക. 

ഹോട്ടലുകൾ അടയ്ക്കാൻ പോലും സമയം കിട്ടാറില്ല. പക്ഷേ, സർക്കാർ നിശ്ചയിച്ച വില ഈടാക്കിയ ഹോട്ടലുകൾ ചുരുക്കമാണ്.


എരുമേലിയിൽ പാർക്കിങ് ഫീസിനെ ചൊല്ലി തർക്കത്തിൽ അയ്യപ്പ തീർഥാടകനു മർദനം ഏൽക്കുന്ന സംഭവവും ഉണ്ടായി. 


അമിത നിരക്കു വാങ്ങിയതിനെ ചൊല്ലിയായിരുന്നു തർക്കം. പിന്നീട് സ്ക്വാഡ് എത്തി തീർഥാടകർക്കു പണം തിരികെ വാങ്ങി നൽകേണ്ടി വന്നു. പക്ഷേ, കാര്യമായ നടപടികൾ ഇത്തരക്കാർക്കു നേരെയും ഉണ്ടായില്ല. 

കംഫർട്ട് സ്‌റ്റേഷൻ യൂസർ ഫീസും കൂടുതലായി വാങ്ങിയെന്നും പരാതി ഉണ്ടായിരുന്നു. പക്ഷേ, അവിടെയും പ്രശ്‌ന പരിഹാരത്തിനു നടപടി ഉണ്ടായില്ലെന്നും തീർഥാടകർ പറയുന്നു.


നേട്ടമായി പറയാവുന്നത് അപകടങ്ങളിൽ ഉണ്ടായ കുറവാണ്. മുൻ വർഷത്തേക്കാൾ അപകടങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. കണമല, കണ്ണിമല ഇറക്കങ്ങളിൽ ആണ് ഇക്കുറി അപകടങ്ങൾ ഏറെ സംഭവിച്ചത്. 


അടുത്ത തീർഥാടന കാലത്തെങ്കിലും ഭക്തരെ ചൂഷണം ചെയ്യുന്ന നടപടികൾക്കു പരിഹാരം ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisment