/sathyam/media/media_files/2025/09/20/pic-2025-09-20-20-42-28.jpeg)
കോഴിക്കോട്: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) കോഴിക്കോട് ഉപമേഖലാ ഓഫീസ്, ഗവ. സൈബര്‍പാര്‍ക്കിലെ കമ്പനികള്‍ക്കായി 'സ്കീം ഫോര്‍ പ്രൊമോഷന്‍ ഓഫ് രജിസ്ട്രേഷന്‍ ഓഫ് എംപ്ലോയേഴ്സ് ആന്‍ഡ് എംപ്ലോയീസ്' (SPREE 2025) എന്ന പദ്ധതിയെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
ഇ.എസ്.ഐ.സി. കോഴിക്കോട് ജോയിന്‍റ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് രത്നഗിരി എസ്. സെമിനാറിന് നേതൃത്വം നല്‍കി. 'സ്പ്രീ 2025' പദ്ധതിയെക്കുറിച്ചും അതിലൂടെ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മുന്‍കാലങ്ങളിലെ പിഴകള്‍ ഒഴിവാക്കിക്കൊണ്ടുള്ള രജിസ്ട്രേഷന്‍, ലളിതമായ സ്വയം രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍, ഇ.എസ്.ഐ. നിയമപ്രകാരമുള്ള വൈദ്യസഹായം, ജീവനക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവയെക്കുറിച്ചും സെമിനാറില്‍ ഊന്നല്‍ നല്‍കി.
സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികളും സൈബര്‍പാര്‍ക്ക് ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുത്തു. രജിസ്ട്രേഷന്‍ നടപടികളെക്കുറിച്ചും പദ്ധതിയുടെ ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ചോദ്യോത്തര വേളയില്‍ ഇഎസ്ഐസി അധികൃതര്‍ മറുപടി നല്‍കി.
കൂടുതല്‍ ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും, തൊഴിലുടമകള്‍ക്ക് ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനും ഇ.എസ്.ഐ.സി.യുടെ സെമിനാര്‍ സഹായകമായി.
'സ്പ്രീ 2025' പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും, ഔദ്യോഗിക പോര്‍ട്ടലായ https://www.esic.gov.in/ സന്ദര്‍ശിക്കുക.