ഇ.എം ഹുസൈൻ വിടവാങ്ങിയിട്ട് പത്ത് വർഷം... പ്രിയ സുഹൃത്തിന്റെ ഓർമകളിലൂടെ ഇ.ടി മുഹമ്മദ് ബഷീർ

New Update
D

മുസ്ലിംലീഗിന്റെയും ചന്ദ്രികയുടെയും കായംകുളത്തെ പ്രിയപ്പെട്ട ഹുസൈനെ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് പത്തു വർഷം തികയുന്നു. 

Advertisment

വിശുദ്ധ റംസാന്റെ ആദ്യ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, അവസാന പത്തിൽ സൃഷ്ടാവ് അനുകമ്പയുടെ കവാടങ്ങൾ എല്ലാം തുറന്നിട്ട സന്ദർഭത്തിൽ അവനിലേക്ക് മടങ്ങിച്ചെല്ലാൻ അവസരം ലഭിച്ച ഹുസൈനെ പോലെയുള്ളവർ എത്ര ഭാഗ്യവാന്മാരാണ്.

എന്റെ ഓർമ്മ ശരിയാണെങ്കിൽ 2015. ജൂലൈ ആറിനും റമദാൻ 19നുമായിരുന്നു ഹുസൈന്റെ  മരണം. അന്ന് ഡൽഹിയിൽ പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് നല്ല തിരക്കിലായിരുന്നു. ആ സമയത്ത് അപ്രതീക്ഷിതമായിട്ടായിരുന്നു എന്റെ ഹുസൈന്റെ മരണം ഞാൻ കേൾക്കുന്നത്.

ഹുസൈൻ എനിക്ക് സഹോദരനാണ്. ഞങ്ങളുടെ സൗഹൃദത്തിന് നാല് പതിറ്റാണ്ടിലേറെ ദൈർഘ്യമുണ്ട്. ഞാൻ ആഗ്രഹിച്ചപ്പോഴെല്ലാം ഹുസൈൻ എന്റെ സഹായത്തിന് എത്തിയിരുന്നു. എല്ലാ പ്രതിസന്ധിയിലും കൂട്ടുകാരൻ ആകാൻ ഹുസൈൻ ഒപ്പം നിന്നു. 

ഞാൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ വന്ന് തമ്പടിച്ച് സ്ഥാനാർത്ഥിയുടെ സ്വകാര്യ സഹായിയായി ഹുസൈൻ എന്നെ സഹായിച്ചിരുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ എല്ലാ അത്യാവശ്യഘട്ടങ്ങളിലും പാർട്ടിയെയും ചന്ദ്രികയെയും സഹായിച്ചു. 

ചന്ദ്രികയ്ക്ക് കായംകുളത്ത് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ഉണ്ടാക്കുന്നതിൽ ഹുസൈന്റെ നല്ല സൗഹൃദങ്ങൾ ഏറെ പ്രയോജനപ്പെട്ടു.

എന്റെ നിയമസഭാ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ ആക്കി പ്രസിദ്ധീകരിക്കാൻ അതിന്റെ മാറ്റർ ശേഖരണത്തിൽ കൃത്യത ഉറപ്പാക്കുന്നതുമായി ഉസൈൻ ഒരുപാട് അധ്വാനിച്ചിരുന്നു. അത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമാണ്. 

മുസ്ലിം യൂത്ത് ലീഗിന്റെ ആലപ്പുഴ ജില്ലാ പ്രസിഡണ്ടായിരുന്ന കാലത്തെ ചുറുചുറുക്കുള്ള പ്രവർത്തനത്തിലൂടെയാണ് ഹുസൈൻ എന്റെ ശ്രദ്ധ പിടിച്ച് പറ്റിയത്.

കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി മികച്ച സേവനം കാഴ്ചവച്ചു. രാഷ്ട്രീയ, ജാതി, പ്രാദേശിക ചിന്തകൾ ഭേദിച്ച് എല്ലാവരോടും സൗഹൃദ സാമീപ്യം സൂക്ഷിച്ച് വിനയാനിതനായിരുന്നു ഹുസൈൻ.

പാർട്ടിയിലും ചന്ദ്രികയിലും പത്രപ്രവർത്തന മേഖലയിലും കായംകുളം പ്രദേശത്ത് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സമവായത്തിന്റെ മുഖമായിരുന്നു ഇ.എം ഹുസൈൻ. എന്റെ ഹുസൈൻ രോഗശയ്യയിൽ ആയപ്പോൾ ഞാൻ എന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഡൽഹിയിൽ നിന്നും കായംകുളത്തെ വീട്ടിലെത്തി നേരിൽ കണ്ടു.

ആ നിമിഷം ഹുസൈൻ എന്നോട് കാണിച്ച സ്നേഹം ഒരു ഹൃദയവേദനയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ഹുസൈന്റെ ഓർമ്മകൾക്ക് മുന്നിൽ എപ്പോഴും എന്റെ പ്രാർത്ഥനയുണ്ട്. കൂടുതൽ കൂടുതൽ കരുണ ചൊരിഞ്ഞു.
 
കബറിടം വിശാലമാക്കി സ്വർഗ്ഗീയ പൂന്തോപ്പ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ഓരോ നോമ്പുകാലത്തും നമുക്ക് ആവർത്തിച്ച് ആവർത്തിച്ച് പ്രാർത്ഥിക്കാം...

സ്വർഗീയ ലോകത്ത് കണ്ടുമുട്ടാൻ എനിക്കും നിങ്ങൾക്കും അല്ലാഹു അവസരം നൽകട്ടെ എന്ന് പ്രാർത്ഥനയോടെ നിർത്തുന്നു.

-  ഇ ടി മുഹമ്മദ് ബഷീർ എം പി (മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി)