ഏറ്റുമാനൂരില്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത അമ്മയും മക്കളുടെയും പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ച.അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഏറ്റുമാനൂര്‍ പോലീസ്.മരിച്ച അഭിഭാഷക പലവട്ടം ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ടു

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നു മൃതദേഹത്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നലെ രാത്രിയില്‍ തന്നെ പൂര്‍ത്തിയാക്കി

New Update
Ettumanoor 11

കോട്ടയം : ഏറ്റുമാനൂരില്‍ പേരൂരില്‍ അമ്മയും മക്കളും ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂവരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Advertisment

ഏറ്റുമാനൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയോടും ബന്ധുക്കളോടും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

പാലാ മുത്തോലി സ്വദേശിനി ജിസ്‌മോളും മക്കളായ അഞ്ചുവയസുകാരി നോഹ, രണ്ടുവയസുകാരി നോറ എന്നിവരാണു മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നു മൃതദേഹത്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നലെ രാത്രിയില്‍ തന്നെ പൂര്‍ത്തിയാക്കി.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ജിസ്‌മോള്‍ ഇതിനു മുന്‍പും ഭര്‍തൃ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെയും കുഞ്ഞുങ്ങളുമായി വീട്ടില്‍ വെച്ച് ആത്മഹത്യാശ്രമം നടന്നിരുന്നു.

രാവിലെ മുതല്‍ വീട്ടില്‍ നിന്നും കുട്ടികളുടെ കരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞത്.

വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മുറിയില്‍ രക്തത്തിന്റെ കറയും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ നിന്നും ഒഴിഞ്ഞ വിഷക്കുപ്പിയും പോലീസ് കണ്ടെത്തി.  

ജിസ്‌മോള്‍ കൈത്തണ്ട മുറിച്ചിരുന്നു. അതിനു ശേഷമാണ് ആറ്റില്‍ ചാടിയത്.

രാവിലെ വീട്ടില്‍ വെച്ച് തന്നെ കുഞ്ഞുങ്ങള്‍ക്ക് വിഷവും നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ച്ചയായുള്ള ആത്മഹത്യാ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിസ്‌മോള്‍ കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടാന്‍ തീരുമാനിച്ചത്. 

ആത്മഹത്യ ചെയ്യാനായി വീട്ടുജോലിക്കാരിയെ  നേരത്തെ തന്നെ ജിസ്‌മോള്‍ പറഞ്ഞുവിട്ടിരുന്നു.

 പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.