/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചാരായവില്‍പ്പനയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്യനാട് നിന്നും 9.25 ലിറ്റര്‍ ചാരായവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. മൈലം സ്വദേശി വാമദേവന്‍, പുനലാല്‍ സ്വദേശി മനോഹരന്‍ എന്നിവരാണ് പിടിയിലായത്.
ആര്യനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുമാര്‍ എസ് ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചാരായം കൊണ്ട് നടന്ന് വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
കേസ് എടുക്കുന്നതിനിടയില്‍ പ്രതികള്‍ എക്‌സൈസ് സംഘത്തെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയും ആക്രമണത്തില്‍ സംഘത്തിലുണ്ടായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ്ണുവിനും പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ശ്രീകാന്തിനും പരിക്ക് ഏല്‍ക്കുകയും ചെയ്തു.
പള്ളിപ്പുറത്ത് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 50 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മഹേഷ് എന്നയാളെയും അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സഹീര്‍ഷാ.ബിയുടെ നേതൃത്വത്തിലാണ് കേസെടുത്തത്.