മെഷീനറി എക്സ്പോ വിപുലപ്പെടുന്നത് വ്യവസായിക വളർച്ചയുടെ സാക്ഷ്യം: മന്ത്രി പി രാജീവ്

New Update
misinory expo

കൊച്ചി: മെഷീനറി എക്സ്പോ വിപുലപ്പെടുന്നത് വ്യവസായം വിപുലീകരിക്കപ്പെടുന്നു, ആധുനികവത്കരിക്കപ്പെടുന്നു എന്നതിൻ്റെ തെളിവാണെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ്. വ്യവസായ വികസനത്തിന് അനുസൃതമായ പുതുമെഷീനറികൾ ആവശ്യമാണ്. അത് എല്ലാവരെയും പരിചയപ്പെടുത്തുകയാണ് എക്സ്പോയുടെ ലക്ഷ്യം.

സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷിനറി എക്സ്പോ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായം വിപുലപ്പെടുത്താൻ ഏറെ ക്രിയാത്മക നടപടികളാണ് സർക്കാർ കൈക്കൊണ്ടത്. നിക്ഷേപസമാഹരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കുകയും തുടരെ വിലയിരുത്തുകയും ചെയ്യുന്നു. നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനു കർമ്മപദ്ധതി ആവിഷ്കരിച്ചു. വ്യവസായ വളർച്ചക്കു എല്ലാ വകുപ്പുകളിലും  മാറ്റങ്ങൾ വരുത്തി. അത് തുടരുകയുമാണെന്നും മന്ത്രി പറഞ്ഞു.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എട്ടെണ്ണം പൂർത്തിയാക്കാനായത് സംസ്ഥാന ചരിത്രത്തിലെ നേട്ടമാണ്. ഇതേ മാതൃക മറ്റ് മേഖലകളിലും പ്രകടമാണ്. എം എസ് എം ഇ മേഖലയിൽ ഏഴര ലക്ഷം തൊഴിൽ സൃഷ്ടിക്കാനായി.

കേരളത്തിൻ്റെ ചിത്രം മാറുകയാണ്. ഇവിടെ ഒന്നുമേ ഇല്ലെന്നും വ്യവസായ മേഖല ശൂന്യമാണെന്നും ഉള്ള പ്രചാരണം ഇല്ലാതായി. നന്നായി മുന്നേറാൻ കേരളത്തിനായി. നമ്മുടെ ചെറുപ്പക്കാർക്കു ഇവിടെ തന്നെ ജോലി ചെയ്യാൻ കഴിയുന്നു എന്നു മാത്രമല്ല മറ്റിടങ്ങളിൽ ജോലിചെയ്തിരുന്ന പോസ്റ്റുകളും ഇവിടേക്കു വരുന്നു. വിപ്ലവകരമായ മാറ്റത്തിനാണ് കേരള വ്യവസായം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിൽ കുറവു വന്നിട്ടും കേരളത്തിനു  മുന്നോട്ടു പോകാനായത് ആഭ്യന്തരവരുമാനത്തിൻ്റെ വളർച്ച കൊണ്ടാണ്. ഇത് വ്യവസായിക വികസനത്തിൻ്റെ സൂചികയാണ്.

ഏറ്റവും മികവാർന്ന രീതിയിൽ വർഷം തോറും നടക്കുന്ന മെഷീനറി എക്സ്പോ ഇത്തവണ കിൻഫ്ര കൺവെൻഷൻ സെൻററിലാണ്. ഈ സർക്കാരിൻ്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു കൺവെൻഷൻ സെൻ്റർ  നിർമ്മിക്കുകയെന്നത്. വാഗ്ദാനം പ്രതീക്ഷിച്ചതിലും നേരത്തെ മനോഹരമായി പൂർത്തിയാക്കാനായതിൽ അത്യന്തം ചാരിതാർഥ്യമുണ്ടെന്നും പി എം എസ് പദ്ധതിയുടെ പിന്തുണയോടെ കൂടി സംഘടിപ്പിക്കുന്ന എക്സ്പോയിൽ മന്ത്രി രാജീവ് പറഞ്ഞു.

ഇന്ത്യൻ ഹെറിറ്റേജ് ആൻഡ് കൾച്ചർ സെൻ്ററിലെ ആൽവിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച പരിപാടിയിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷയായി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ. ഐ എ എസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രാന്ധേ സായ്കൃഷ്ണ ഐ എ എസ് എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി.

തൃക്കാക്കര നഗരസഭ കൗൺസിലർ എം ഒ വർഗീസ്, വ്യവസായ വാണിജ്യ ഡയറക്ടർ വിഷ്ണുരാജ് പി. ഐ എ എസ്, ജോയിൻ്റ് ഡയറക്ടർ ആൻ്റ് ഹെഡ് ഓഫ് എംഎസ്എംഇ - ഡിഎഫ്ഒ തൃശൂർ ജി എസ് പ്രകാശ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡൻ്റ് എ നിസാറുദ്ദീൻ, ഫിക്കി കെഇഎസ്ഇ ടൂറിസം കമ്മിറ്റി ചെയർമാൻ യു സി റിയാസ്, സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ ലേഖ ബാലചന്ദ്രൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി എ എന്നിവർ സംസാരിച്ചു.

കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ - ബിപ്പ് സിഇഒ സൂരജ് എസ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് രാജീവ് ജി എന്നിവർ സന്നിഹിതരായി.

പൊതുജനങ്ങള്‍ക്കു  എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനമുണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് പ്രവേശനം. സെപ്റ്റംബർ 23ന് എക്സ്പോ സമാപിക്കും.

Advertisment
Advertisment