കെട്ടിട നമ്പർ നിഷേധിച്ചു; റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസിയെ പ്രതിയാക്കി പോലീസ്: കേസും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും

ഈ മാസം ഏഴിനായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഷാജി ജോർജ് പ്രതിഷേധം നടത്തിയത്

New Update
expat shaji mon.jpg

കോട്ടയം: റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസെടുത്ത് പോലീസ്. പ്രവാസിയായ ഷാജി ജോർജിനെതിരെയാണ് കേസ്. അകാരണമായി കെട്ടിട നമ്പർ നിഷേധിച്ചത് പഞ്ചായത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഷാജിയെ പോലീസ് പ്രതിയാക്കിയത്. ഷാജി ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു. എന്നാൽ, ഇത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നാണ് കടുത്തുരുത്തി പോലീസിന്റെ വിശദീകരണം. ഗതാഗത തടസവും പൊതുജനശല്യവും ഉണ്ടാക്കിയെന്ന് കാട്ടിയാണ് നടപടി. പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.

Advertisment

ഈ മാസം ഏഴിനായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഷാജി ജോർജ് പ്രതിഷേധം നടത്തിയത്. 25 കോടി ചെലവിട്ട് താൻ തുടങ്ങിയ സംരഭം പഞ്ചായത്ത് ചുവപ്പുനാടയിൽ കുരുക്കിയിട്ടിരിക്കുയാണെന്ന് ആയിരുന്നു ഷാജിയുടെ പരാതി. ഷാജിയുടെ പ്രതിഷേധം സംസ്ഥാനത്താകെ ചർച്ചയായിരുന്നു. മന്ത്രിമാരുൾപ്പെടെ നേരിട്ട് ഇടപെട്ട് രണ്ട് മണിക്കൂർ കൊണ്ടാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയത്. എന്നാൽ, ഷാജി വിദേശത്തേക്ക് തിരികെ മടങ്ങിയതിന് പിന്നാലെയാണ് പ്രതികാര ബുദ്ധിയെന്നോണം പോലീസ് നടപടി.

ഏഴാം തിയതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാലിക്കാര്യം പോലീസ് തന്നിൽ നിന്ന് മറച്ചുവച്ചെന്ന് ഷാജിമോൻ പറയുന്നു. ഇന്നലെ രാവിലെ 10 മണിക്കാണ് സ്റ്റേഷനിൽ ഹാജരാകണമെന്ന് തന്നെ പോലീസ് അറിയിച്ചത്. ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10 മണി കഴിഞ്ഞതിന് ശേഷമാണ് ഈ അറിയിപ്പ് വാട്സാപ്പ് മുഖാന്തരം തനിക്ക് ലഭിച്ചതെന്നും ഷാജി പറയുന്നു. അഭിഭാഷകരുമായി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്ന് ഷാജി വ്യക്തമാക്കി. വ്യവസായ മന്ത്രിയുടെ ഓഫീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

kottayam shajimon
Advertisment