/sathyam/media/media_files/2025/10/07/photo-2025-10-07-18-06-45.jpeg)
കൊച്ചി: സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും സുസ്ഥിരമായ മത്സ്യബന്ധനം ഉറപ്പാക്കാനും സമുദ്രമത്സ്യമേഖലയിൽ ഇന്ത്യൻ സ്റ്റാൻഡേർ്ഡിന് രൂപം നൽകണമെന്ന് വിദഗ്ധർ. ഇതിനായി, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര പരിപാലനരീതികൾ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ദേശീയ ചട്ടക്കൂട് വികസിപ്പിക്കണമെന്നും വിദഗ്ധർ പറഞ്ഞു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സി.എം.എഫ്.ആർ.ഐ.) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (ബി.ഐ.എസ്.) സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഈ നിർദേശമുയർന്നത്.
ഏകീകൃതവും വിശ്വസനീയവും ശാസ്ത്രീയമായ രീതികൾ ഉറപ്പാക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഔദ്യോഗികമായി അംഗീകരിച്ച മാനദണ്ഡമാണ് ഇന്ത്യൻ സ്റ്റാൻഡേർഡ്.
സമുദ്രമത്സ്യമേഖലയിൽ ഇത് നടപ്പിലാക്കുന്നത്, രാജ്യത്തെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഒരു പൊതുനിലവാരം കൊണ്ടുവരാൻ സഹായിക്കും. ഇതുവഴി, ഇന്ത്യയുടെ നയങ്ങൾക്കും വിവരശേഖരണത്തിനും കൂടുതൽ വിശ്വാസ്യത കൈവരികയും ആഗോളതലത്തിൽ ഇന്ത്യൻ മത്സ്യമേഖലക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു.
മത്സ്യമേഖലയുടെ സുസ്ഥിരമായ വികസനത്തിന് സമുദ്രജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ചട്ടക്കൂട് വികസനത്തിൽ, മത്സ്യസമ്പത്തിന്റെ സാസ്ത്രീയ അവലോകനം, തീരദേശ വിഭവ മാപ്പിംഗ്, ആവാസവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള പരിപാലനരീതികൾ തുടങ്ങിയ മേഖലകളിൽ ശാസത്രീയ പിന്തുണ നൽകാൻ സിഎംഎഫ്ആർഐ ഒരുക്കമാണ്.
ബി.ഐ.എസ്., മറ്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് ഇന്ത്യൻ ഗുണനിലവാര സ്റ്റാൻഡേർഡിന്റെ ശാസ്ത്രീയ രീതികൾ രൂപീകരിക്കുന്നതിന് സി.എം.എഫ്.ആർ.ഐ. നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങളായ ജൈവവൈവിധ്യ ഉടമ്പടി (സിബിഡി), യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ എന്നിവയ്ക്ക് അനുസൃതമായി വികസിപ്പിച്ചെടുക്കുന്ന ദേശീയ അംഗീകാരമുള്ള പ്രോട്ടോകോൾ, ഇന്ത്യയുടെ ജൈവസംരക്ഷണത്തെയും അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ വ്യാപാരശേഷിയും ശക്തിപ്പെടുത്തുമെന്ന് ശിൽപശാലയിൽ അഭിപ്രായമുയർന്നു.
വിദേശ സുസ്ഥിരതാ സർട്ടിഫിക്കേഷനുകൾക്ക് ബദലായി, ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് അനുയോജ്യവും ചെലവ് കുറഞ്ഞതുമായ ഇന്ത്യൻ മറൈൻ സസ്‌റ്റൈനബിലിറ്റി സർട്ടിഫിക്കേഷൻ സംവിധാനം ബി.ഐ.എസ് ന് കീഴിൽ രൂപീകരിക്കണമെന്ന നിർദ്ദേശവും ശില്പശാലയിൽ ഉയർന്നു.
സി.എം.എഫ്.ആർ.ഐ., ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിംഗ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ബി.ഐ.എസ്. എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ പങ്കെടുത്തു.
ബി.ഐ.എസ്. പരിസ്ഥിതി വിഭാഗം മേധാവി വീരേന്ദ്ര സിംഗ്, ഡോ. സുജിത തോമസ്, ഡോ. ശോഭന കെ.എസ്., ഡോ. ബി. നാഗരാജൻ, കുമാർ സൗരഭ് എന്നിവരും സംസാരിച്ചു.