ഇന്ത്യയെ ബഹിരാകാശ ശക്തിയാക്കാന്‍ സഹായിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥ കേരളത്തിലുണ്ടെന്ന് വിദഗ്ധര്‍

New Update
Pic 1
തിരുവനന്തപുരം: ഇന്ത്യയെ ബഹിരാകാശ മേഖലയിലെ ആഗോള ശക്തിയാക്കാന്‍ സഹായിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് വിദഗ്ധര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2025 ന്‍റെ ഏഴാം പതിപ്പില്‍ 'എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് ഇന്നൊവേഷന്‍' എന്ന സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
Advertisment

സ്പേസ്ടെക് മേഖലയില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്താന്‍ ചെലവ് കുറഞ്ഞ നിര്‍മാണ രീതിയും മികച്ച സാങ്കേതിക വൈജ്ഞാനവുമുള്ള കേരളത്തിന്‍റെ സ്പേസ് ഇക്കോസിസ്റ്റത്തിന് സാധിക്കുമെന്ന് ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ് 20 യുടെ സിഇഒ അമല്‍ ചന്ദ്രന്‍ പറഞ്ഞു.

ബഹിരാകാശ, പ്രതിരോധ വ്യവസായങ്ങള്‍ക്ക് അനുയോജ്യമാണ് കേരളത്തിന്‍റെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ. ഐസ്ആര്‍ഒ, വിഎസ്എസ്ഇ, കെ-സ്പേസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യം കേരളത്തിന്‍റെ ബഹിരാകാശ ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്നു. ചൈനയുടെ ബഹിരാകാശ സാങ്കേതിക നിര്‍മ്മാണ മേഖല ഇന്ത്യയേക്കാള്‍ ചെലവ് കുറഞ്ഞതാണ്. എന്നാല്‍ മികച്ച വിതരണ ശൃംഖലയിലൂടെ ഇന്ത്യയ്ക്ക് ഈ മേഖലയില്‍ മുന്‍നിരയിലെത്താന്‍ കഴിയും.

ബഹിരാകാശ സാങ്കേതിക മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്ക് നിര്‍ണായകമാണെന്നും വിക്ഷേപിക്കേണ്ട ഉപഗ്രഹങ്ങളുടെ എണ്ണവും ആവശ്യകതയും സമൂഹത്തിന് നല്‍കേണ്ട സേവനങ്ങളും സര്‍ക്കാരിന് മാത്രം നിറവേറ്റാന്‍ കഴിയില്ലെന്നും ഐഐഎസ്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. ദീപങ്കര്‍ ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 300-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് അത്ഭുതകരമായ വളര്‍ച്ചയാണ്. അക്കാദമിക് മേഖലയും വ്യവസായവും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പ്രൊഫ. ബാനര്‍ജി ഊന്നിപ്പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയ്ക്കായി സമര്‍പ്പിത ശ്രമങ്ങള്‍ നടത്തേണ്ട ഉത്തരവാദിത്തം അക്കാദമിക് സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് നിയമസാധുത നല്‍കുന്നതാണ് ഇന്ത്യയുടെ ബഹിരാകാശ നയമെന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് രാജാറാം പറഞ്ഞു. സ്വകാര്യ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഎസ്ആര്‍ഒയുടെ വൈദഗ്ധ്യം, വിശ്വാസ്യത, അറിവ് എന്നിവയുമായി ഇടപഴകാനും ആഴത്തില്‍ പരിശോധിക്കാനുമുള്ള ചട്ടക്കൂട് ഇത് നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായ-അക്കാദമിക് മേഖലകളുടെ സംയോജനം ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥയ്ക്ക് വലിയ സാധ്യതകളുണ്ടാക്കുമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ ഗദ്ദാം സന്ദീപ് അഭിപ്രായപ്പെട്ടു. കപ്പാസിറ്റി ബില്‍ഡിംഗില്‍ സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ ഭാഗമാക്കണമെന്നും മറ്റ് പ്രധാന പ്രതിരോധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി അവയെ വികസിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.

ഫ്യൂച്ചര്‍ റെഡി കേരള: ഹൗ ക്ലസ്റ്റര്‍ ബേസ്ഡ് അക്കാദമിക് ഇക്കോസിസ്റ്റംസ് കാന്‍ ഡെലിവര്‍ എന്‍റര്‍പ്രൈസസ്, ഐപി ആന്‍ഡ് സ്കേലബിള്‍ സൊല്യൂഷന്‍സ്" എന്ന വിഷയത്തിലെ ലീഡര്‍ഷിപ്പ് ടോക്കില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സംസാരിച്ചു. തൊഴിലവസരങ്ങള്‍, നൈപുണ്യ നവീകരണം, സംരംഭകത്വ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി സംരംഭങ്ങളിലൂന്നി കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ പരിവര്‍ത്തനത്തിന്‍റെ പാതയിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ സാധ്യത, വിപണി ആവശ്യങ്ങള്‍ തുടങ്ങിയ നിര്‍ണായക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസത്തിലെ നൂതന സാങ്കേതികവിദ്യകളുടെ സംയോജനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകളില്‍ നിന്ന് പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും തൊഴില്‍ ലഭിക്കാത്തത് തൊഴിലില്ലായ്മയും സാമ്പത്തിക അസ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവം ഉല്‍പ്പാദനക്ഷമത കുറയുന്നതിന് കാരണമാകും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Advertisment