Advertisment

നഗരസഭകളുടെ സാമ്പത്തിക നിര്‍വ്വഹണത്തില്‍ പരിഷ്കാരങ്ങള്‍ ആവശ്യമെന്ന് വിദഗ്ധര്‍

New Update
nagarasabha
തിരുവനന്തപുരം: സുതാര്യമായും ഉത്തരവാദിത്തത്തോടും കൂടി പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിന് നഗര തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതില്‍ പരിഷ്കാരങ്ങള്‍ സ്വീകരിക്കുന്നതിന് മുനിസിപ്പല്‍ ഫിനാന്‍സ് മാനേജ്മെന്‍റ് സംവിധാനം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Advertisment
നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്ലീനറി സെഷനിലാണ്  ഈ അഭിപ്രായമുയര്‍ന്നത്.
 

വര്‍ധിച്ച് വരുന്ന നഗര ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിനായി നഗര തദ്ദേശ സ്ഥാപനങ്ങള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
 
അതേസമയം സാമ്പത്തിക മാനേജ്മെന്‍റില്‍ സുതാര്യത ഉറപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സമ്മേളനത്തിന്‍റെ രണ്ടാം ദിവസം നടന്ന 'മുനിസിപ്പല്‍ ഫിസ്കല്‍ ഹെല്‍ത്ത്' എന്ന സെഷനില്‍ സംസാരിച്ച പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.  

ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ) തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ത്രിദിന നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് സമ്മേളനത്തിന്‍റെ മുഖ്യ വിഷയം ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്' എന്നതാണ്.


നഗരസഭകളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിഭവസമാഹരണത്തിലും വിതരണത്തിലും സുതാര്യത നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബംഗളൂരുവിലെ ജനാഗ്രഹയുടെ സിഇഒ ശ്രീകാന്ത് വിശ്വനാഥന്‍ പറഞ്ഞു.

സാമ്പത്തിക ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റം നടത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതിനാല്‍ വിശ്വസനീയവും സമയബന്ധിതവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
 
മുനിസിപ്പല്‍ ധനകാര്യം എന്നത് വേണ്ടത്ര പരിഷ്കാരങ്ങള്‍ കടന്നുവരാത്ത മേഖലയാണെന്നും ആസൂത്രണ, സാമ്പത്തിക വിഭാഗങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കുന്നതിന് വസ്തു നികുതി പോലുള്ള മാര്‍ഗങ്ങള്‍ മാത്രം ആശ്രയിക്കുന്നതിന് പകരം നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെയും ഉപയോഗിക്കാത്ത മറ്റ് വഴികള്‍ തേടണമെന്ന് ഹഡ്കോ മുന്‍ ചെയര്‍മാനും സെഷനില്‍ വിശിഷ്ടാതിഥിയുമായിരുന്ന വി. സുരേഷ് പറഞ്ഞു.
 
പ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതിന് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് പോലുള്ള ദീര്‍ഘകാല വായ്പകള്‍ സമാഹരിക്കുന്നത് സംബന്ധിച്ച് നഗര തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിന് വേണ്ട സമയം, ചെലവ്, ഗുണനിലവാരം, എന്നിവയെ പറ്റിയുള്ള കൃത്യമായ വിവരങ്ങളുള്ള വിശ്വസനീയമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തെ ചില വന്‍കിട നഗരങ്ങള്‍ ചെയ്യുന്നത് പോലെ പെന്‍ഷന്‍, പ്രൊവിഡന്‍റ് ഫണ്ട് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തുന്നതിനെ പറ്റി നഗരസഭള്‍ക്ക് ചിന്തിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരങ്ങളുടെ വികസന എഞ്ചിനുകളായി നഗരസഭകള്‍ വളരുന്നതിന് അവരുടെ സാമ്പത്തിക സ്വാതന്ത്യം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച ഖരഗ്പൂര്‍ ഐഐടി മുന്‍ പ്രൊഫസര്‍ ബി. കെ സെന്‍ഗുപ്ത പറഞ്ഞു.
 

നഗര പ്രദേശങ്ങളുടെ സുസ്ഥിര വികസനത്തിനുള്ള ഫണ്ടുകള്‍ കണ്ടെത്തുന്നതിന് ഗ്രീന്‍ ബോണ്ടുകള്‍ പോലുള്ള സ്രോതസുകളുടെ സാധ്യതകള്‍ നഗരസഭകള്‍ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് ഫ്രീലാന്‍സ് അഡ്വൈസറും പ്ലാനറുമായ ഡോ. അഞ്ജുല നേഗി പറഞ്ഞു.
 
തങ്ങള്‍ക്കുള്ള വിഭവങ്ങളും സര്‍ക്കാര്‍ ഗ്രാന്‍റുകളും മാത്രം ആശ്രയിക്കുന്നതിന് പകരം പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന പുതിയ മാര്‍ഗങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനെ സംബന്ധിച്ച് നഗരസഭകള്‍ ഗൗരവമായി ചിന്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സുതാര്യവും ഉത്തരവാദിത്തപൂര്‍വ്വവുമായ പുതിയ വിഭവങ്ങള്‍ കണ്ടെത്തി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വാതന്ത്യം മെച്ചപ്പെടുത്തണമെന്ന് എന്‍ഐസിഎംഎആര്‍ പൂനെയിലെ രാമകൃഷ്ണ നല്ലത്തിഗ പറഞ്ഞു.

കാലിക്കറ്റ് എന്‍ഐടി അസിസ്റ്റന്‍റ് പ്രൊഫസര്‍ റിതേഷ് രഞ്ജന്‍, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പ്ലാനിംഗ് ഡിപാര്‍ട്മെന്‍റ് പ്രൊഫസര്‍ ജെയിന്‍ കെ ജോര്‍ജ് എന്നിവരും സെഷനില്‍ സംസാരിച്ചു.
Advertisment