/sathyam/media/media_files/2025/10/04/ksum-fablab-2025-10-04-21-36-39.jpg)
കൊച്ചി: ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ഗാത്മക സമ്പദ് വ്യവസ്ഥയുടെ ഗുണഫലം നേടാന്‍ കേരളത്തിലെ സാങ്കേതികപ്രവര്‍ത്തകര്‍ ശ്രമിക്കണണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാമ്പസിലുള്ള ഫാബ് ലാബിന്റെ 2025 ലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക പ്രവര്‍ത്തകരും സര്‍ഗാത്മക സമൂഹവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന ധാരണ സമൂഹത്തിനുണ്ടായിരുന്നു. എന്നാല്‍ സര്‍ഗാത്മകതയിലാണ് ഇന്ന് ഏറ്റവുമധികം സാങ്കേതികപ്രവര്‍ത്തകര്‍ ഉൾപ്പെട്ടിട്ടുള്ളത്. സര്‍ഗാത്മകതയിലേക്ക് നൂതന സാങ്കേതികവിദ്യ സമന്വയപ്പിച്ചതോടെ അനന്തമായ സാധ്യതകളാണ് ഇരു മേഖലകളിലും വന്നിട്ടുള്ളതെന്ന് സിഇഒ പറഞ്ഞു. 200 ബില്യൺ ഡോളറാണ് ഈ മേഖലയുടെ മൂല്യം. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ ഫാബ് ബിരുദധാരികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എബിൻ മാത്യു, ആകാശ് എടമന, ആന്‍സി റോഷന്‍, ആശിഷ് ജോയ്, നമിത അരവിന്ദ്, നോയല്‍ സജി, രവിശങ്കര്‍ എസ് എന്നിവരാണ് ഇക്കൊല്ലം ഫാബ് ലാബില്‍ നിന്നും ബിരുദം കരസ്ഥമാക്കിയത്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയും 'മേക്കർ' സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്ന പ്രധാന സംരംഭമാണ് ഫാബ് ലാബ് കേരള. ത്രിഡി പ്രിന്ററുകൾ, ലേസർ കട്ടറുകൾ, മറ്റ് നൂതന നിർമ്മാണ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഈ ലാബുകളിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ, സംരംഭകർ, ഗവേഷകർ എന്നിവർക്ക് തങ്ങളുടെ ആശയങ്ങൾ പ്രായോഗിക ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള വേദിയാണിത്. കേരളത്തിന്റെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു സമൂഹം വളർത്തുന്നതിലും ഫാബ് ലാബ് കേരള സുപ്രധാന പങ്ക് വഹിക്കുന്നു.
ഫാബ് അക്കാദമിയുടെ 2026 ലേക്കുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി - https://fabacademy.fablabkerala.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക.