മാഞ്ഞുപോകുന്ന പച്ചപ്പും മലബാറിന്റെ നൊമ്പരവും: ബിനാലെയിൽ ഷാജിത്തിന്റെ വിസ്മയക്കാഴ്ചകൾ

New Update
shajith
കൊച്ചി: ഹരിതാഭമായ മലഞ്ചെരിവിനെ വലിയൊരു ക്യാൻവാസിലേക്ക് പകർത്തിവെച്ചതുപോലെ തോന്നിപ്പിക്കുമെങ്കിലും, സൂക്ഷിച്ചുനോക്കിയാൽ അത് ഒരു വിലാപകാവ്യമാണെന്ന് തിരിച്ചറിയാം. കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ വേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലെ കയര്‍ ഗോഡൗണില്‍ ആർ.ബി. ഷാജിത്ത് ഒരുക്കിയിരിക്കുന്ന ചിത്രങ്ങൾ മലബാറിന്റെ നഷ്ടപ്പെട്ടുപോകുന്ന ജൈവവൈവിധ്യത്തിലേക്കുള്ള കണ്ണാടിയാവുകയാണ്.

അക്രിലിക്, ഓയിൽ, വാട്ടർ കളർ എന്നീ മാധ്യമങ്ങളാണ് ഷാജിത്ത് തന്റെ കലാസൃഷ്ടികൾക്കായി ഉപയോഗിച്ചിരിക്കുന്നത്. വികസനത്തിന്റെ പേരിൽ മായ്ച്ചുകളഞ്ഞ പ്രകൃതിയുടെ സ്മരണകളെയാണ് അദ്ദേഹം ചിത്രത്തിലൂടെ പുനരാവിഷ്കരിക്കുന്നത്.

പത്ത് പാനലുകളിലായി വ്യാപിച്ചു കിടക്കുന്ന പടുകൂറ്റൻ ചിത്രത്തിൽ കാട്ടുചെടികളും കുറ്റിച്ചെടികളും മുതൽ കവുങ്ങും കുരുമുളകും വരെ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയിലെ ഓരോ ജീവനും തമ്മിലുള്ള ആന്തരിക ബന്ധം ഈ വേരുകൾക്കിടയിൽ വായിച്ചെടുക്കാം. താൻ ജനിച്ചുവളർന്ന കണ്ണൂരിലെ മലപ്പട്ടം എന്ന ഗ്രാമത്തിലെ തോടുകളും കുന്നുകളും ഓർമ്മകളിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ വേദനയാണ് 'വൈപ്പിംഗ് ഔട്ട്' (Wiping Out) എന്ന ഈ ചിത്രപരമ്പരയിലേക്ക് നയിച്ചതെന്ന് ഷാജിത്ത് പറഞ്ഞു. കുട്ടിക്കാലത്ത് അമ്മ തുണി അലക്കിയിരുന്ന തോട് ഇന്ന് റോഡായി മാറിയിരിക്കുന്നു. വികസനത്തിന്റെ ക്രൂരതയെയാണ് വര്‍ത്തമാനാകാല യാഥാര്‍ഥ്യം ഓർമ്മിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടിനുള്ളിൽ പകച്ചുനിൽക്കുന്ന ഒരു മയിലിന്റെ ചിത്രം ഈ പ്രദർശനത്തിലെ ശ്രദ്ധേയമായ ഒന്നാണ്. കേരളത്തിന്റെ പച്ചപ്പിലേക്ക് കാലാവസ്ഥാ വ്യതിയാനം മൂലം വിരുന്നെത്തുന്ന മയിലുകൾ, വരാനിരിക്കുന്ന വലിയ പാരിസ്ഥിതിക ദുരന്തത്തിന്റെ സൂചനയാണെന്ന് ഷാജിത്ത് ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഷാജിത്ത്, ചൈനീസ്-ജാപ്പനീസ് വാഷ് പെയിന്റിംഗ് രീതികളും മിനിയേച്ചർ ശൈലികളും തന്റെ ബിനാലെ കലാസൃഷ്ടിയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. മുൻകാല സൃഷ്ടികളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതി നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ ചർച്ച ചെയ്യുന്നവയാണ് ബിനാലെയിലെ ഈ ചിത്രങ്ങൾ. വിസ്മൃതിയിലേക്ക് ആണ്ടുപോകുന്ന പ്രകൃതിദൃശ്യങ്ങൾ കേവലം കാഴ്ചകളല്ലെന്നും അവ സമീപഭാവിയില്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ശക്തമായ രാഷ്ട്രീയ ബോധ്യങ്ങളാണെന്നും ഷാജിത്തിന്റെ ഓരോ നിറങ്ങളും വരകളും വിളിച്ചുപറയുന്നു.
Advertisment
Advertisment