തിരുവനന്തപുരം: അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി വ്യാജപരാതി നല്‍കിയ അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയ്ക്ക് എതിരെയാണു കിളിമാനൂര്‍ പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.
കുട്ടിയുടെ മാതാവില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ അധ്യാപികയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
വ്യാജപ്രചാരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി പഠനം അവസാനിപ്പിച്ചിരുന്നു. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കമാണ് വിദ്യാര്‍ഥിനിയെ ഉള്‍പ്പെടുത്തി അപവാദപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.
എതിര്‍ചേരിയിലുള്ള അധ്യാപകനെതിരെയാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ മറ്റൊരു ജീവനക്കാരനും സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വിദ്യാര്‍ഥിനിക്ക് പല ദിവസങ്ങളിലും സ്‌കൂളില്‍ പോയിരുന്നില്ല. ഇതിനിടെയാണ് അധ്യാപകനുമായി ബന്ധമുണ്ടെന്ന് അപവാദ പ്രചാരണം നടത്തിയത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു.
കഴിഞ്ഞ ജൂണിലാണ് ഏകജാലകം വഴി പ്ലസ് വണിന് വിദ്യാര്‍ഥിനി പ്രവേശനം നേടിയത്. പിന്നീട് മറ്റൊരു വിഷയത്തിലേക്ക് കോംബിനേഷന്‍ ട്രാന്‍സ്ഫറിലൂടെ മാറി.
വിദ്യാര്‍ഥിനിയുടെ പേര് പരാമര്‍ശിച്ചു വന്ന ചില വിവരങ്ങള്‍ ആരോപണ വിധേയയായ അധ്യാപിക ചില വാട്സാപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും സിഡബ്ലുസിയിലും പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.