വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ കടന്നുകയറ്റം, സംശയ നിഴലിൽ ചിപ്സും. ചിപ്സ് നിർമാണ സ്ഥാപനങ്ങളിൽ പരിശോധന വേണമെന്ന് ആവശ്യം. ഓണം അടുത്തതോടെ ചിപ്സ് വില 480 രൂപയിൽ എത്തി

New Update
CHIPS AND OIL

കോട്ടയം: വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ കടന്നുകയറ്റം, സംശയ നിഴലിൽ ചിപ്സും.  വിപണിയിൽ വെളിച്ചെണ്ണയുടെ  വില കുറഞ്ഞെങ്കിലും ഓണക്കാലമായതോടെ ശർക്കരവരട്ടിക്കും ചിപ്സിനും ഇപ്പോഴും പൊള്ളുന്ന വിലയാണ്.

Advertisment

ചിപ്സ് കിലോയ്ക്ക് 480 രൂപയും ശർക്കരവരട്ടിക്ക് 250 രൂപയും നൽകണം. നേന്ത്രക്കായയ്ക്കു വില കുറഞ്ഞെങ്കിലും ചിപ്സിനു പൊള്ളുന്ന വില ഓണക്കാലത്തെ വിപണി ലക്ഷ്യമിട്ടാണ്. ഓണമെത്തുമ്പോൾ ചിപ്സ് വില 500 കടക്കുമെന്നുറപ്പാണ്. 


ഇതോടൊപ്പം, തമിഴ്നാട്ടിൽ നിന്നും പാക്കറ്റ് ചിപ്പസും എത്തുന്നുണ്ട്. നേന്ത്രക്കായയ്ക്കു പുറമേ റോബസ്റ്റയും ചിപ്സ് നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതേസമയം ശർക്കരവരട്ടിക്കും ചിപ്സിനും ഒക്കെ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണ നിലവാരം സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. 

ലിറ്ററിന് 270 രൂപയ്ക്ക് വ്യാജ വെളിച്ചെണ്ണ തമിഴ്നാട്ടിൽ സുലഭമാണ്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ലേബലിൽ ഇതു കേരളത്തിൽ വിൽക്കുന്നതായി പരാതി ഉയരുകയും ഓണക്കാല പരിശോധനകളുടെ ഭാഗമായി നിരവധി വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകളും പിടികൂടിയിരുന്നു. ഇതോടെ മായം കലർന്ന വില കുറഞ്ഞ വെളിച്ചെണ്ണ ഉപയോഗിച്ചു ചിപ്സും മറ്റും നിർമിക്കുന്നുണ്ടോ എന്നാണ് ആശങ്ക.

മായം കലർന്ന വെളിച്ചെണ്ണ ഉപയോഗിച്ചു നിർമ്മിക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ  ശർക്കരവരട്ടിയും ചിപ്സും ഒക്കെ നിർമിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.

Advertisment