പതിനായിരം കോടിയുടെ മരുന്നു വിപണിയായ കേരളത്തിൽ വ്യാജമരുന്നുകളുടെ കുത്തൊഴുക്ക്. ആരോഗ്യ മേഖലയ്ക്ക് ഗുരുതര ഭീഷണി. ഒറ്റ റെയ്ഡിൽ പിടിച്ചത് രണ്ടു ലക്ഷത്തിന്റെ വ്യാജമരുന്ന്. പിടിച്ചതിലേറെയും ആസ്ത്മയ്ക്കുള്ള വ്യാജമരുന്ന്. അന്യസംസ്ഥാനത്ത് നിർമ്മിക്കുന്ന വ്യാജമരുന്ന് കേരളത്തിൽ വൻതോതിൽ സംഭരിക്കുന്നു. വില യഥാർത്ഥ മരുന്നിന്റെ പകുതി മാത്രം. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന വ്യാജമരുന്നുകൾക്ക് തടയിടാനാവാതെ കേരളം

New Update
antibiotic medicines

തിരുവനന്തപുരം: പ്രതിവർഷം പതിനായിരം കോടിയിലേറെ ഇംഗ്ലീഷ് മരുന്നുകൾ മാത്രം വിറ്റഴിയുന്ന വമ്പൻ വിപണിയായ കേരളത്തിൽ വ്യാജ മരുന്നുകൾ സുലഭം.

Advertisment

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു.


ലാഭം മാത്രം ലക്ഷ്യംവച്ച്, ഗുണമേന്മ കുറഞ്ഞതും രാസച്ചേരുവകൾ ശരിയായ അളവിൽ ഇല്ലാത്തതുമായ മരുന്നുകൾ സമാന്തരമായി സംസ്ഥാനത്തെത്തുന്നത് ആരോഗ്യ മേഖലയ്ക്ക് ഗുരുതര ഭീഷണിയാണ്.


ആസ്ത്മ രോഗികള്‍ വ്യാപകമായി ഉപയോഗിക്കുന്ന സിപ്ല കമ്പനിയുടെ മരുന്നുകളുടെ വ്യാജനാണ് പിടിച്ചതിൽ ഏറെയും. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജമരുന്ന് എത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.

വ്യാജമരുന്ന് ശൃംഖലയില്‍ മരുന്നുകള്‍ വാങ്ങി വില്‍പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍, പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ് വേൾഡ് ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം  നടപടികള്‍ സ്വീകരിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.  സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ റദ്ദാക്കും.

Fake-medicines-worth-over-2-lakh-seized-from-the-state


വ്യാജമരുന്ന് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികള്‍, നിര്‍മ്മാതാവില്‍ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയില്‍ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്.

പരിശോധനയില്‍, മതിയായ രേഖകള്‍ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകള്‍ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.


വ്യാജ മരുന്നുകളുടെ പറുദീസയായി മാറിയിരിക്കുകയാണ് കേരളം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റും മായം കലർത്തിയ മരുന്നുകൾ വ്യാപകമായി സംസ്ഥാനത്ത് പ്രചരിക്കുന്നുണ്ട്.


പരമാവധി വിൽപ്പന വിലയിൽ നിന്ന് വളരെ കുറച്ചാണ് വ്യാജ മരുന്നുകൾ വിൽക്കുന്നത്. ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ഇഞ്ചക്ഷൻ എറിത്രോപോയിറ്റിന്റെ എം.ആർ.പി ഏകദേശം 1000 രൂപയാണ്. വ്യാജമരുന്നിന് 500രൂപയേയുള്ളൂ.

Untitled

ക്യാൻസറിനുള്ള മോണോ ക്ലോണൽ ആന്റിബോഡി വിഭാഗത്തിൽപ്പെട്ട മരുന്നുകളായ റിചുസിമാബ്, ട്രാസ്റ്റുസു മാബ് തുടങ്ങിയവയുടെ എം.ആർ.പി 35,000 ആണെങ്കിലും 7,500 രൂപയ്ക്ക് ലഭിക്കും.

കമ്പനി ഡിപ്പോയിൽ നിന്ന് ഡിസ്ട്രിബ്യൂട്ടർമാർ വഴിയാണ് മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും മരുന്ന് എത്തേണ്ടത്. ഈ രീതിയിലല്ലാതെയാണ് കേരളത്തിൽ മരുന്നെത്തുന്നത്.


നിയമത്തിലെ പഴുതുകളും ഓൺലെെൻ മരുന്നുവ്യാപാരം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളും വ്യാജന്മാർക്ക് തുണയാവുകയാണ്.  സംസ്ഥാനത്ത് 150 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 47 പേരാണുള്ളത്. ഇതേ തുടർന്ന് മരുന്നുകളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമല്ല.  


ബില്ലുകളില്ലാത്ത, നിർമാതാക്കൾ ആരെന്നറിയാത്ത മരുന്നുകളും അനധികൃതമായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മരുന്നുകളും ഇവയിൽ ഉൾപ്പെടുന്നു.

നർകോട്ടിക് മരുന്നുകൾ, ലൈംഗികോത്തേജക മരുന്നുകൾ, വൃക്കരോഗ മരുന്നുകൾ, സൗന്ദര്യവർധനയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങി ആന്റിബയോട്ടിക്കുകൾ വരെ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു.

drugs-1587181155

ജിഎസ്ടി നിലവിൽ വന്നശേഷം ഇന്ത്യയിൽ എവിടെനിന്നും മരുന്ന് എത്തിക്കാമെന്ന പഴുതു മുതലെടുത്താണ് വ്യാജമരുന്നു ലോബിയുടെ പ്രവർത്തനം. വൻകിട മരുന്നു കമ്പനികൾ പോലും വ്യാജന്മാരുടെ ഭീഷണി നേരിടുന്നുണ്ട്.

വ്യാജമരുന്നിന്റെ പ്രചാരം നിയന്ത്രിക്കാൻ മരുന്നുകളിൽ ബാർകോഡ് സംവിധാനം നടപ്പാക്കുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല

Advertisment