തിരുവനന്തപുരം: കിളിമാനൂർ രാജാരവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപിക സി.ആർ. ചന്ദ്രലേഖ സ്കൂളിലെ വിദ്യാർഥിനിയേയും അധ്യാപകനേയും ചേർത്ത് വ്യാജ പീഡന ആരോപണം നടത്തിയ സംഭവം തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്.
സഹ അധ്യാപകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സ്കൂളിലെ തന്നെ വിദ്യാർത്ഥിനിയെ ഇരയാക്കി കള്ളക്കഥ നിർമ്മിച്ച പ്രതിക്ക് അധ്യാപികയായി തുടരാൻ അവകാശമില്ല. ചന്ദ്രലേഖക്കെതിരെ എസ്.സി/എസ്.ടി. അട്രോസിറ്റി ആക്ട് പ്രകാരം കേസെടുത്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ആസൂത്രിതമായും ഏറെകാലത്തെ ഗൂഢമായ വ്യാജപ്രചരണങ്ങളുടെയും മറവിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കള്ളക്കഥയുടെ പരമ്പര സൃഷ്ടിച്ചു കൊണ്ടാണ് വിദ്യാർത്ഥിനിക്കെതിരെ പ്രതി പീഡനകഥ കെട്ടിച്ചമച്ചത്.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച വ്യാജ ആരോപണത്തിൽ മനംനൊന്ത് പഠനം നിർത്താൻ പോലും വിദ്യാർഥിനി തീരുമാനിക്കുകയും സ്വന്തം മുടി മുറിച്ചു കൊണ്ട് സമൂഹത്തിൽ പ്രത്യക്ഷപ്പെടേണ്ടി വന്നതും കേരളീയ സമൂഹത്തെ സംബന്ധിച്ച് അപമാനകരമാണ്. വിദ്യാർത്ഥികളുടെ സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നിർവഹിക്കേണ്ട അധ്യാപകർ തന്നെ സമൂഹത്തിൽ വ്യാജ നിർമ്മിതികൾക്ക് മുൻകൈയെടുക്കുന്നത് തികച്ചും ഗുരുതരമായ സംഭവമാണ്.
സ്കൂൾ മാനേജ്മെന്റിനോട് ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ തന്നെ ദിവസങ്ങൾക്കു മുമ്പ് പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ സ്വീകരിച്ച നിസംഗത തികച്ചും കുറ്റകരമാണ്. ആയതിനാൽ സ്കൂൾ മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് കല്ലറ എക്സിക്യൂട്ടീവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുൽ റഹിം, മെഹ്ബൂബ് ഖാൻ, ട്രഷറർ എൻ. എം അൻസാരി, വൈസ് പ്രസിഡണ്ടുമാരായ ഷാഹിദ ഹാറൂൺ, മധു കല്ലറ സെക്രട്ടറിമാരായ ഫാത്തിമ നവാസ്, സൈഫുദ്ദീൻ പരുത്തിക്കുഴി, മനാഫ് വർക്കല എന്നിവർ യോഗത്തിൽ സംസാരിച്ചു.