/sathyam/media/media_files/NQ9Cqxo73DIbYD3QnCkf.jpg)
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഷെബിന എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മൊഴി രേഖപ്പെടുത്തുന്നത്. ഷെബിനയുടെ സഹോദരിയുടെ ഫോണും സൈബര്‍ പൊലീസ് പരിശോധിക്കും.
ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ കുടുംബം സ്വാധിനം ചെലുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് പരാതി. ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിന്റെ അന്വേഷണത്തിലെ മെല്ലെ പോക്കിനേയും വിമര്‍ശിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ബന്ധുക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. വിമര്‍ശനം കടുത്തതോടെ ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഗാര്‍ഹിക പീഡനത്തില്‍ അഞ്ചുപേര്‍ക്കെതിരെ തെളിവുസഹിതം ഷെബിനയുടെ കുടുംബം പരാതിപ്പെട്ടെങ്കിലും അമ്മാവന്‍ ഹനീഫയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോപണ വിധേയരായ മറ്റുള്ളവര്‍ ഒളിവില്‍ പോയെനാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിനാല്‍ ഇവരെ ചോദ്യംചെയ്യാനും കഴിഞ്ഞിട്ടില്ല. പൊലീസിന്റെ മെല്ലെ പോക്കില്‍ അമര്‍ഷമുള്ള ജനകീയ സമിതി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കും.
ഇതിനിടെ ഷെബിനയുടെ സഹോദരിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ച് ഷെബിന സഹോദരിയെ നിരന്തരം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള നിര്‍ണ്ണായക തെളിവുകളും സഹോദരിയുടെ ഫോണില്‍ ഉണ്ടെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us