കൊച്ചി: കൊച്ചി നഗരത്തിൽ കുടുംബവുമൊത്ത് സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ലഹരിക്കാരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം ക്യൂൻസ് വാക് വേയിൽ കുടുംബവുമായി എത്തിയ ദമ്പതികൾക്ക് നേരിടേണ്ടി വന്നത് യുവാക്കളുടെ ക്രൂരമായ ആക്രമണം.
നടന്നുപോകുന്നതിനിടെ പിന്തുടർന്നെത്തിയ യുവാക്കൾ യുവതിയുടെ തോളിലൂടെ കയ്യിട്ട് ട്രിപ്പ് പോയാലോ എന്നു ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ച ഭർത്താവിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹോദരനും സഹോദരിക്കുമെതിരെയും യുവാക്കളുടെ അതിക്രമമുണ്ടായി. സംഭവമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടിയതു കൊണ്ടാണ് അപകടമേൽക്കാതെ രക്ഷപ്പെട്ടതെന്ന് കുടുംബം പറഞ്ഞു.
നഗരഹൃദയത്തിലെ തിരക്കുള്ള സ്ഥലത്തുവച്ച് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു യുവാക്കളുടെ അതിക്രമം. ലഹരിക്കെതിരെ സർക്കാർ ശക്തമായി നടപടിയെക്കുന്നുണ്ടെന്ന് ആവർത്തിച്ചു പറയുമ്പോളാണ് അതിദാരുണ സംഭവം അരങ്ങേറിയത്.
സംഭവത്തിൽ മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം (25), അൻസാർ (28) എന്നിവരെ തിങ്കളാഴ്ച പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ഇവർ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തു.
പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വൈകിട്ട് നടക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി നിരവധി കുടുംബങ്ങൾ എത്തുന്ന ക്യൂൻസ് വാക് വേയിൽ പോലും സുരക്ഷയില്ലെന്നത് ഗുരുതര വീഴ്ചയാണ്.