കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്വകാര്യ ലോഡ്ജിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കൊപ്പമുണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനെ കാണാതായിരുന്നു. ഇയാളെക്കുറിച്ച് പോലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. സനൂഫും മരിച്ച ഫസീലയും ഞായറാഴ്ച രാത്രി 11 നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്.
ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി.