കേരള സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ 42 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി.) രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. സാങ്കേതികവിദ്യാഭ്യാസവകുപ്പ് ഈ പ്രോഗ്രാം നടത്താൻ സ്വകാര്യസ്ഥാപനങ്ങൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഉന്നതപഠനത്തിനുള്ള അർഹതയോടെ, എസ്.എസ്.എൽ.സി./തത്തുല്യ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
മേഖലകൾ
വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്ന കോഴ്സാണിത്. പരമ്പരാഗത വസ്ത്രനിർമാണമേഖലകളിൽ വൈദഗ്ധ്യം നേടുന്നതിനൊപ്പം, കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യംനേടാൻ പ്രോഗ്രാം സഹായിക്കും. ഈ മേഖലയിലുണ്ടാകുന്ന നവീന പ്രവണതകൾ മനസ്സിലാക്കാനും സ്വന്തമായരീതിയിൽ അത് വികസിപ്പിക്കാനും പുനരാവിഷ്കരിക്കാനും പ്രോഗ്രാം ഉപകരിക്കും. പ്രായോഗിക വൈദഗ്ധ്യത്തിന് ഊന്നൽനൽകുന്ന കോഴ്സിൽ ആറ് ആഴ്ച നീണ്ടുനിൽക്കുന്ന വ്യവസായിക ഇന്റേൺഷിപ്പ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കിൽസ് ട്രെയ്‌നിങ് എന്നിവയുണ്ടാകും.
കോഴ്സിന്റെ ഒന്നും രണ്ടും വർഷങ്ങളിൽ കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് പൊതുപരീക്ഷ നടത്തും. രണ്ടുപരീക്ഷകളും ജയിക്കുന്നവർക്ക് കേരള ഗവൺമെൻറ് ടെക്നിക്കൽ എക്സാമിനേഷൻസ് (കെ.ജി.ടി.ഇ.) ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി സർട്ടിഫിക്കറ്റ് നൽകും.
പഠനകേന്ദ്രങ്ങളുടെ പൂർണവിവരങ്ങൾ polyadmission.org/gifd/ലെ അനക്സ്ചേഴ്സ് ആൻഡ് സർട്ടിഫിക്കറ്റ്സ് ലിങ്കിൽ ലഭിക്കും.
അപേക്ഷ
polyadmission.org/gifd/ വഴി ജൂലായ് 31 വരെ നൽകാം. ആദ്യം പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. ഇതിനായി 100 രൂപ (പട്ടികവിഭാഗക്കാർക്ക് 50 രൂപ) ഫീസായി ഓൺലൈനായി അടയ്ക്കണം. സ്വകാര്യസ്ഥാപനങ്ങൾ നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവരും ഈ അഡ്മിഷൻ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.
സർക്കാർസ്ഥാപനങ്ങൾക്കുള്ള അപേക്ഷാ ലിങ്കും സ്വകാര്യസ്ഥാപനങ്ങൾക്കുള്ള അപേക്ഷാ ലിങ്കും അവിടെക്കാണാം. സർക്കാർവിഭാഗത്തിൽ ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാൻ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് പ്രത്യേകം ഓപ്ഷനുകൾ നൽകണം. സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാൻ ഓരോസ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷ നൽകണം. വിശദാംശങ്ങൾ പ്രോസ്പക്ടസിലുണ്ട്.