/sathyam/media/media_files/2025/02/04/aLydkVRDUwo6h7XFPSy8.jpg)
കോട്ടയം: ഓരോ ആഴ്ചയും പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടുന്നതു രണ്ടായിരത്തോളം പേര്‍. സാധാരണ വൈറല്‍ പനി ബാധിതരാണ് ഏറെയും.
ഇതിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ടാക്കുന്നത് ആശങ്കയ്ക്കു കാരണമാകുന്നു.
കിഴക്കന്‍ മേഖലയില്‍ ഇടവിട്ടു പെയ്യുന്ന മഴയില്‍ റബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലും പ്ലാസ്റ്റികിലും വെള്ളം കെട്ടിക്കിടക്കുന്നതു കൊതുകുകള്‍ പെരുകാനും വൈറല്‍, ഡെങ്കിപ്പനിയും വര്‍ധിക്കാന്‍ കാരണമാകും.
കിഴക്കന്‍ മേഖലയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ എലിപ്പനി വര്‍ധനയ്ക്കും കാരണമാകും. ഇടവിട്ടു പെയ്യുന്ന മഴ കൊതുകുകള്‍ക്കു പെരുകാന്‍ അനുകൂല സാഹചര്യമൊരുക്കുകയാണ്. ജലാശയങ്ങളും പാതയോരങ്ങളും മലിനപ്പെട്ടുകിടക്കുന്നു.
സമ്പൂര്‍ണ മാലിന്യ മുക്തജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ടും മാലിന്യത്തിനും കുറവൊന്നുമില്ലെന്നതാണ് വസ്തുത.
മാലിന്യമുക്ത നവകേരളമെന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ മുക്തമാണെന്ന പ്രഖ്യാപനം നടത്തി.
എന്നാല്‍, കാര്യങ്ങള്‍ പഴയപടിയാണെന്നു ജനങ്ങള്‍ പറയുന്നു. നഗരത്തിലേതുള്‍പ്പെടെയുള്ള തോടുകള്‍ പലതും മലിനമാണ്. എം.സി റോഡില്‍ പട്ടിത്താനം മുതല്‍ പുതുവേലി വരെയുള്ള ഇരുവശങ്ങളും പെരുവ തലയോലപ്പറമ്പ് റോഡില്‍ കുറുവേലി പാലത്തിന് സമീപം മാലിന്യം തള്ളുന്നതും തുടരുന്നു.
മീനച്ചിലാറും മണിമലയാറും പതിവ് പോലെ മാലിന്യമയം. ഓടകളൊന്നും വൃത്തിയാക്കിത്തുടങ്ങിയിട്ടില്ല. മണ്‍സൂണ്‍ ആരംഭിക്കാന്‍ ആഴ്ചകൾ മാത്രം ശേഷിക്കേ മഴക്കാലപൂര്‍വ ശുചീകരണത്തെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു പോലും തുടങ്ങിയിട്ടില്ല.