കെഫോണിന്റെ ഭാഗ്യചിഹ്നമായി ഫിബോ

New Update
fibo  k fone

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിന്റെ ഭാഗ്യചിഹ്നം അവതരിപ്പിച്ചു. ദേശീയ മൃഗമായ കടുവയുടെ രൂപത്തിലുള്ള ചിഹ്നം കെഫോണ്‍ ടീഷര്‍ട്ടണിഞ്ഞ രൂപത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫിബോ എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നം ഇനി കെഫോണിനെ പ്രതിനിധീകരിക്കും.

Advertisment

കുട്ടിത്തം തുളുമ്പുന്ന രീതിയിലുള്ള ഫിബോയെ കെഫോണിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് അവതരിപ്പിച്ചത്. കെഫോണ്‍ ജീവനക്കാരുടെ ഇടയില്‍ നടത്തിയ മത്സരത്തില്‍ നിന്നാണ് 'ഫിബോ' എന്ന പേര് തിരഞ്ഞെടുത്തത്. കെഫോണ്‍ സേവനങ്ങളെ സംബന്ധിച്ചുള്ള യൂസര്‍ ട്യൂട്ടോറിയല്‍ വീഡിയോകളിലും കെഫോണിന്റെ പരസ്യങ്ങളിലും 'ഫിബോ' കെഫോണിനെ പ്രതിനിധീകരിച്ച് പ്രത്യക്ഷപ്പെടും.

കെഫോണിനെ കൂടുതല്‍ ജനകീയമാക്കാനും ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെ സംബന്ധിച്ച് എളുപ്പത്തില്‍ അവബോധം നല്‍കാനും ലക്ഷ്യമിട്ടാണ് കെഫോണിന്റെ ഒരു ഐക്കണ്‍ എന്ന രീതിയില്‍ 'ഫിബോ'യെ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ എം.ഡിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

 കൂടുതല്‍ സേവനങ്ങളും ഓഫറുകളും നല്‍കി കെഫോണ്‍ പദ്ധതി വിപുലീകരണത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ കെഫോണിനെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ 'ഫിബോ'യെയും നെഞ്ചേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment