/sathyam/media/media_files/2026/01/14/no-camera-movi-2026-01-14-16-08-46.jpg)
കൊച്ചി: ഡിജിറ്റൽ സിനിമയുടെ കാലത്ത് 16 എം എം ഫിലിമിൽ ചിത്രരചന നടത്തി അതിലൂടെ ചലച്ചിത്രം ഉണ്ടാക്കുന്ന കാഴ്ച പുതുതലമുറ ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും വിസ്മയവും കൗതുകവുമായി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) എക്സ്പിരിമെന്റ ഇന്ത്യയുമായി ചേർന്ന് കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചു ദിവസത്തെ '16 എംഎം ക്യാമറരഹിത ചലച്ചിത്ര വർക്ക്ഷോപ്പ്' സിനിമയെന്ന് മാധ്യമത്തിന്റെ വൈവിധ്യമാർന്ന സാധ്യതകൾ വെളിവാക്കി.
ഫോർട്ട് കൊച്ചിയിലെ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച വർക്ക് ഷോപ്പിന് കലാകാരിയും ചലച്ചിത്രകാരിയുമായ ഗാവതി വാഡ് നേതൃത്വം നൽകി. എക്സ്പിരിമെന്റ ഇന്ത്യയുടെ ഭാഗമായി 2003 മുതൽ ചലച്ചിത്ര ശില്പശാലകൾ നടത്തിവരികയാണെന്നും ബംഗളൂരുവിൽ രണ്ട് വർഷത്തിലൊരിക്കൽ ചലച്ചിത്ര മേളകൾ സംഘടിപ്പിക്കാറുണ്ടെന്നും ഗാവതി വാഡ് പറഞ്ഞു. 16 എംഎം ഫിലിം ഒരു ക്യാൻവാസായി ഉപയോഗിച്ച് അതിൽ പെയിന്റ് ചെയ്യാനും എഴുതാനും ശബ്ദം നൽകാനുമാണ് പങ്കാളികളെ പഠിപ്പിച്ചത്.
ക്യാമറയില്ലാതെ സിനിമ നിർമ്മിക്കുക എന്നത് ഇന്നത്തെ കാലത്ത് സങ്കല്പങ്ങൾക്കും അപ്പുറമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രൊജക്ടറിലൂടെ ഫിലിം സ്ട്രിപ്പ് കടന്നുപോകുമ്പോൾ അതിലെ അടയാളങ്ങളെ ശബ്ദമാക്കി മാറ്റാൻ കഴിയുമെന്നത് മാധ്യമത്തിന്റെ വലിയൊരു പ്രത്യേകതയാണെന്നും ഗാവതി വിശദീകരിച്ചു.
ഫിലിമിൽ ഏത് തരത്തിലുള്ള സൃഷ്ടിയും നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് കെ.എം.ബി വളണ്ടിയറായ ഗെർഷോൺ എം.ജെ പറഞ്ഞു. ചിഹ്നങ്ങളും അക്കങ്ങളും എഴുത്തുകളും ചേർത്താണ് താൻ സിനിമ തയ്യാറാക്കിയതെന്നും ഫിലിമിന്റെ വശങ്ങളിലേക്ക് പടരുന്ന ചിത്രങ്ങൾ ശബ്ദതരംഗങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങൾ തയ്യാറാക്കിയ ശേഷം ഗാവതി അവ സ്ലൈസർ ഉപയോഗിച്ച് കൂട്ടിച്ചേർക്കുകയും 16 എംഎം പ്രൊജക്ടർ വഴി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് വേറിട്ട അനുഭവമായി മാറി. 'സ്ട്രക്ചറൽ സിനിമ' പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന തനിക്ക് ഈ ശില്പശാല വലിയൊരു അവസരമായിരുന്നുവെന്ന് സ്വതന്ത്ര ചലച്ചിത്ര സംവിധായകനായ വിഘ്നേഷ് പി. ശശിധരൻ പറഞ്ഞു.
ഫിലിമുകളോ പ്രൊജക്ടറോ കണ്ടിട്ടില്ലാത്ത തങ്ങൾക്ക് ഷൂട്ടിംഗ് ഇല്ലാതെ സിനിമ നിർമ്മിക്കുന്നത് അത്ഭുതകരമായിരുന്നുവെന്ന് ഹ്രസ്വചിത്ര സംവിധായകനായ അശ്വിൻ സി.എം പറഞ്ഞു. ശില്പശാലയുടെ സമാപനത്തിൽ പങ്കെടുത്തവർ നിർമ്മിച്ച ഫിലിമുകൾ അവർക്ക് തന്നെ ബിരുദദാനമെന്നോണം തിരികെ നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us