കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ അപകടത്തിൽപെട്ട സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണ്. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിര്‍ദേശം നല്കി.
സംഭവത്തില്‍ കാറിന്റെ അമിത വേഗത്തിനു പോലീസ് നേരത്തെ കേസെടുത്തിരുന്നു. അപകടത്തില്‍ നടന്മാരായ അര്ജുന് അശോകന്, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു.
കാര്‍ ഓടിച്ചിരുന്ന സ്റ്റണ്ട് ടീമിലെ ഡ്രൈവറും റോഡരികില്‍ ബൈക്കില്‍ നില്‍ക്കുകയായിരുന്നു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരനുമാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍.
നടന്മാരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഫുഡ് ഡെലിവറി ജീവനക്കാരനെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം എംജി റോഡില്‍ പത്മാ തിയേറ്ററിനു സമീപമായിരുന്നു അപകടം.