കൊച്ചി: സംരക്ഷിത വന മേഖലകളില്‍ വാണിജ്യ സിനിമ, ടിവി സീരിയല്‍ ഷൂട്ടിങ്ങിനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി.
വനമേഖലകൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാണിജ്യ സിനിമകളുടെയും ടി.വി സീരിയലുകളുടെയും ചിത്രീകരണം സംബന്ധിച്ച 2013 ലെ സർക്കാർ ഉത്തരവ് നിയമസാധുതയുള്ളതല്ലെന്ന് കേരള ഹൈകോടതി.
2019ല്‍ മലയാള സിനിമയായ 'ഉണ്ട'യുടെ ചിത്രീകരണത്തിന് കാസര്‍കോട് കാറഡുക്ക വനമേഖല ഷൂട്ടിങ്ങിനായി വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കോടതി ഉത്തരവിലേക്ക് നയിച്ചത്.
ഷൂട്ടിങ് സംഘം കാറഡുക്ക റിസര്‍വ് വനമേഖലയില്‍ വലിയ തോതില്‍ ചുവന്ന മണ്ണ് എത്തിച്ച് റോഡ് ഉണ്ടാക്കുകയും സെറ്റുകള്‍ക്ക് വേണ്ടി നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പെരുമ്പാവൂര്‍ കേന്ദ്രമായ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ എന്ന സംഘടന ഹൈകോടതിയെ സമീപിച്ചതോടെയാണ് കോടതി ഇടപ്പെട്ടത്.
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ സ്ഥലങ്ങളിൽ വാണിജ്യ സിനിമകളുടെ ചിത്രീകരണം അനുവദിക്കുന്ന ഒരു നിയമ നിർമാണവും ഇല്ലെന്ന് കോടതി വിധിച്ചു. പുതിയ നിര്‍ദേശങ്ങള്‍ നാലാഴ്ചക്കകം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.