Advertisment

കേരളത്തിൽ കൂണുപോലെ മുളച്ചുപൊന്തിയ നിധി കമ്പനികളിൽ ബഹുഭൂരിപക്ഷത്തിനും അംഗീകാരമില്ല. കേന്ദ്രത്തിന്റെ അംഗീകാരമില്ലാതെ നിധി കമ്പനികളുടെ പട്ടിക പുറത്തുവിട്ട് പോലീസ്. നിക്ഷേപം നടത്തിയാൽ തട്ടിപ്പിനും ചതിക്കും ഇരയാവുമെന്ന് മുന്നറിയിപ്പ്. അംഗീകാരമില്ലാത്ത നിധി കമ്പനികളുടെ കേന്ദ്രം തൃശൂ‌ർ

New Update
v

തിരുവനന്തപുരം: നാടെങ്ങും സാമ്പത്തിക തട്ടിപ്പ് കേസുകൾ കുതിച്ചുകയറവേ, കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാതെ 268 സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ  കേരളത്തിൽ പ്രവർത്തിക്കുന്നെന്ന മുന്നറിയിപ്പുമായി പോലീസ്.

Advertisment

അംഗങ്ങൾക്കിടയിൽ കടം നൽകുന്ന ബാങ്കിംഗ്–ഇതര ധനകാര്യസ്ഥാപനങ്ങളായ നിധി കമ്പനികൾ എൻഡിഎച്ച്–4 എന്ന സത്യവാങ്മൂലം നൽകി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിരിക്കണം. എന്നാൽ സംസ്ഥാനത്ത് 268 സ്ഥാപനങ്ങൾ ഈ സത്യവാങ്മൂലം നൽകിയിട്ടില്ല. 168 കമ്പനികളുടെ സത്യവാങ്മൂലം കേന്ദ്രം നിരസിച്ചിട്ടുമുണ്ട്. 


സത്യവാങ്മൂലത്തിന് വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്ത കമ്പനികളാണിവ. ഇത്തരം സ്ഥാപനങ്ങളുടെ പട്ടിക പോലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു


അംഗീകാരമില്ലാത്ത ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത് തൃശൂരിലാണ്- 131 എണ്ണം. കൂണു പോലെ മുളച്ചു പൊന്തുന്ന നിധി സ്ഥാപനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്. ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും ഇടയാകും. അതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അറിയിച്ചു. സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ https://keralapolice.gov.in/page/announcements വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ 12, കോഴിക്കോട്ട് 13, കണ്ണൂരിൽ 4, കൊല്ലത്ത് 6, കോട്ടയത്ത് 14, മലപ്പുറത്ത് 12, പാലക്കാട്ട് 19, പത്തനംതിട്ടയിൽ 7, തൃശൂരിൽ 131. തിരുവനന്തപുരത്ത് 6, വയനാട്ടിൽ 3, എറണാകുളത്ത് 41 കമ്പനികളുടെ സത്യവാങ്മൂലം നിരസിക്കപ്പെട്ടു.

കമ്പനികാര്യ രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചാലേ നിധി കമ്പനികൾക്ക് പ്രവർത്തിക്കാനാവൂ. രാജ്യത്തെ പതിനായിരത്തിലേറെ കമ്പനികളിൽ 2000ഓളം മാത്രമേ കൃത്യമായ രേഖകൾ നൽകിയിട്ടുള്ളൂ.

നിധി കമ്പനികൾക്ക് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) നടത്തുന്നതു പോലെ ചിട്ടി, ഹയർപർച്ചേസ്, ലീസിംഗ് ഫിനാൻസ് എന്നിവ നടത്താനാവില്ല. മറ്റ് കമ്പനികളിൽ ഓഹരിനിക്ഷേപം പാടില്ല. അംഗങ്ങൾ അല്ലാത്തവരുമായി ഇടപാടുകൾ പാടില്ല.

നിക്ഷേപങ്ങൾ ആകർഷിക്കാനടക്കം പരസ്യങ്ങൾ നൽകരുത്. അംഗങ്ങളുടെ പേരിൽ കറണ്ട് അക്കൗണ്ട് പാടില്ല. ഈ വ്യവസ്ഥകൾ ലംഘിച്ചവരുടെ സത്യവാങ്മൂലമാണ് നിരസിച്ചത്.

നിധി കമ്പനികളുമായി  ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളും ഏറെക്കാലമായി വരുന്നുണ്ട്.  ഇത്തരം കമ്പനികൾ കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരമുള്ള നിധി കമ്പനി എന്ന അവകാശവാദത്തോടെയാണ് ഈ കമ്പനികളെല്ലാം പ്രവർത്തിക്കുന്നത്.


അംഗീകാരമുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അവയിൽ അംഗങ്ങൾ ആകാനോ, പണം നിക്ഷേപിക്കാനോ പാടുള്ളൂ എന്നാണ് മുന്നറിയിപ്പ്


ചുരുങ്ങിയത് ഏഴ് അംഗങ്ങളെയും പരിധിയില്ലാതെ എത്ര അംഗങ്ങളെയും ചേർക്കാവുന്നതാണ് നിധി കമ്പനികൾ.  മൂലധനമായി അഞ്ച് ലക്ഷം രൂപ ഉണ്ടെങ്കിൽ നിധി കമ്പനികൾ ആരംഭിക്കാം. ഇന്ത്യയിൽ ആകെ നാളിതുവരെയായി പതിനായിരത്തോളം നിധി കമ്പനികളാണ് രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്.

കൂടുതലും ദക്ഷിണേന്ത്യയിലാണ്.  ഇന്ത്യയിലെ മൊത്തം നിധി കമ്പനികളിൽ 10 ശതമാനത്തോളം കേരളത്തിലാണ്. ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂണുപോലെ നിധി കമ്പനികൾ തഴച്ചുവളരുന്നു.

ചുരുങ്ങിയത് 10 രൂപയുടെ ഓഹരി എടുത്താലും നിധി കമ്പനികളിൽ അംഗമാകാൻ കഴിയും. നിക്ഷേപം നടത്തുന്നവർ ചുരുങ്ങിയത് 100 രൂപയുടെയെങ്കിലും ഓഹരി എടുക്കേണ്ടതുണ്ട്.  കമ്പനിയുടെ വാർഷിക റിട്ടേണുകൾക്കൊപ്പം കമ്പനി നിയമങ്ങളും നിധി റൂൾസും അനുസരിച്ചാണ് കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ഓഡിറ്റേഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.  

സ്ഥിര നിക്ഷേപകർക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ നൽകുന്ന തരത്തിൽ പരമാവധി 12.5 ശതമാനം നിരക്കിൽ പലിശ നൽകാൻ കഴിയും. സ്ഥിര നിക്ഷേപകർക്ക് നൽകുന്ന പലിശയുടെ 7.5 ശതമാനം അധിക നിരക്കിലാണ് അംഗങ്ങൾക്ക് വായ്പ നൽകുന്നത്.  എവിടെ പ്രവർത്തിക്കുന്ന കമ്പനിയായാലും രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അംഗങ്ങൾ ആകാവുന്നതാണ്.  

ഓഹരിയുടെ മുഖവിലയുടെ 25 ശതമാനം വരെ ലാഭ വിഹിതം നൽകാൻ കഴിയും.   കമ്പനി തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ചുരുങ്ങിയത് 200 അംഗങ്ങൾ ഉണ്ടാവുകയും അടച്ചു തീർക്കപ്പെട്ട ഓഹരി മൂലധനവും റിസർവ് ഫണ്ടും കൂടി ചുരുങ്ങിയത് 10 ലക്ഷം രൂപ ഉണ്ടായിരിക്കേണ്ടതുമാണ്. സ്വീകരിക്കപ്പെടുന്ന സ്ഥിര നിക്ഷേപങ്ങളുടെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും തുക സ്ഥിരനിക്ഷേപമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതാണ്.

Advertisment