/sathyam/media/media_files/2025/11/13/kmb-2025-2025-11-13-15-09-46.jpeg)
കൊച്ചി: ലോകത്തിലെ ഏറ്റവും പുതിയ കലാമേളകളിൽ ഒന്നായ കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി-6) പോലുള്ള ഉദ്യമങ്ങളുടെ സ്വതന്ത്രമായ യാത്ര തുടരുന്നതിന് സാമ്പത്തിക ഭദ്രത അനിവാര്യമാണെന്ന് കലാ വിദഗ്ധൻ അഭിപ്രായപ്പെട്ടു. റെസൊണൻസ് ആൻഡ് റിന്യൂവൽ: ദി കൊച്ചി ബിനാലെ സ്റ്റോറി' എന്ന വിഷയത്തിൽ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് ചർച്ച സംഘടിപ്പിച്ചത്.
ബിനാലെക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നവർ അതിൻറെ കലാപരമായ സൗന്ദര്യശാസ്ത്രത്തിൽ ഒരിക്കലും ഇടപെടാൻ പാടില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ബിനാലെ ആറാം പതിപ്പിൻ്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര, സംരംഭക മറിയം റാം എന്നിവരാണ് ഒരു മണിക്കൂർ നീണ്ട ഈ സെഷനിൽ സംസാരിച്ചത്. കലാനിരൂപകൻ സദാനന്ദ് മേനോൻ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.
കെഎംബിയെക്കുറിച്ച് നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവതരണം ബോസ് കൃഷ്ണമാചാരി നടത്തി. നഗരത്തിലുടനീളമുള്ള 22 വേദികളിലായാണ് ബിനാലെ പ്രദർശനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒമ്പത് അനുബന്ധ പ്രദർശനങ്ങളും (കൊളാറ്ററൽ) ഉണ്ടാകും.
നല്ല കലയും ചീത്ത കലയും അല്ലെങ്കിൽ വിജയിച്ച പരിപാടികളും പരാജയപ്പെട്ടവയും തുടങ്ങിയ ദ്വന്ദപ്രയോഗങ്ങളിൽ കുടുങ്ങിപ്പോകരുതെന്ന് നിഖിൽ ചോപ്ര പറഞ്ഞു. എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധപ്പെടുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ആ പ്രക്രിയയിൽ കലയുമായി ബന്ധപ്പെട്ട ആശയങ്ങളിലെ ദുരൂഹത നീക്കണം.രണ്ടാഴ്ചയ്ക്കുള്ളിൽ, ബിനാലെ വേദികളും പരിസരങ്ങളും ജീവൻ തുടിക്കുന്നതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയുടെ ബഹുസ്വര സ്വഭാവം ഇന്ത്യയുടെ വൈവിധ്യത്തെ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണെന്ന് ടിഎൻക്യു ടെക്നോളജീസിന്റെ മാനേജിംഗ് ഡയറക്ടറും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമായ മറിയം റാം, പറഞ്ഞു. 2012-ലെ ആദ്യ പതിപ്പ് മുതൽ ബിനാലെ ഫണ്ടുകളിലെ അപര്യാപ്തത നേരിട്ടിട്ടുണ്ട്. അതിനുശേഷം പുതിയ സ്പോൺസർമാരും ഗുണഭോക്താക്കളും വരുന്നുണ്ട്. അത്തരം വ്യക്തികളും സ്ഥാപനങ്ങളും ബിനാലെയുടെ സൗന്ദര്യശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരാറില്ല എന്നത് ഗുണകരമാണെന്ന് അവർ പറഞ്ഞു.
ഇന്ത്യയിലെ പുതിയ കലാമേളയെക്കുറിച്ചുള്ള പ്രാഥമിക ആശയങ്ങൾ 1968-ലെ ഡൽഹി ട്രിനാലെയിൽ നിന്നാണ് തുടങ്ങിയതെന്ന് സദാനന്ദ് മേനോൻ ഓർമ്മിച്ചു. അതിനുശേഷം, അതിന്റെ പകിട്ട് കുറഞ്ഞു. 2012-ൽ കേരളത്തിനൊരു ബിനാലെ ലഭിച്ചത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) സംഘടിപ്പിക്കുന്ന ബിനാലെ ആറാം ലക്കം ഡിസംബർ 12 നു ആരംഭിക്കും. ഗോവയിലെ എച്ച്എച്ച് ആർട്ട് സ്പേസസുമായി ചേർന്ന് നിഖിൽ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന പ്രധാന ബിനാലെ പ്രദർശനത്തിന് പുറമെ നിരവധി സമാന്തര കലാപ്രദർശനങ്ങളും അരങ്ങേറും. ഇത്തവണ വെല്ലിംഗ്ടൺ ഐലൻഡിൽ പുതിയ വേദിയുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us