മുൻകൂർ പണമടച്ചിട്ടും ഉൽപന്നം നൽകിയില്ല;​ കോട്ടയത്ത് സ്ഥാപന ഉടമയ്ക്ക് പിഴയിട്ട് ഉപഭോക്തൃ കമീഷൻ

New Update
court order1

കോട്ടയം: സമൂഹമാധ്യമത്തിലെ പരസ്യംകണ്ട് വസ്ത്രം വാങ്ങാൻ മുൻകൂർ പണമടച്ചിട്ടും കിട്ടിയില്ലെന്ന പരാതിയിൽ സ്ഥാപന ഉടമക്ക്​ പിഴയിട്ട് ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. 

Advertisment

നീഡിൽ ക്രാഫ്റ്റ് ഡിസൈൻ സ്‌റ്റോർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി വസ്ത്രവിൽപന നടത്തുന്ന ഏറനാട് ഷമീല കൃപ ഡ്രസ് ഉടമ ഷമീല ബാനു, വസ്ത്രവിലയായ 11,300 രൂപ ഒമ്പത് ശതമാനം പലിശ ചേർത്തും നഷ്ടപരിഹാരമായി 25,000 രൂപയും നൽകണമെന്നാണ് കോടതി വിധി. അമേരിക്കയിൽ ദന്തഡോക്ടറായ കോട്ടയം പാത്താമുട്ടം സ്വദേശിനി ക്രിസ്റ്റി സാറ തോമസാണ് പരാതിക്കാരി.

ഭിന്നശേഷിക്കാരിയായ സഹോദരിക്കുള്ള പ്രത്യേകതരം ഉടുപ്പിനുവേണ്ടിയാണ് 11,300 രൂപ ഓൺലൈനായി അടച്ച് ഓർഡർ കൊടുത്തത്. ഓർഡർ ചെയ്ത് 30 ദിവസത്തിനകം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്​ നടക്കാതെ വന്നതോടെ ഉടമയെ ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും പലകുറി ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് 2024 സെപ്റ്റംബറിൽ വക്കീൽനോട്ടീസും നൽകി.

പരാതി പരിഗണിച്ച കമീഷൻ, എതിർകക്ഷി ഹാജരാകാത്തതിനാലും തെളിവുകൾ നൽകാത്തതിനാലും പരാതിക്കാരിക്ക് നഷ്ടപരിഹാരവും വസ്ത്രവിലയും കോടതിച്ചെലവായി 5000 രൂപയും നൽകണമെന്നാണ്​​ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിട്ടത്​.

Advertisment