Advertisment

വിദ്യാർത്ഥിയുടെ കോഷൻ ഡപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ; ഉത്തരവിട്ട്‌ സംസ്ഥാന വിവരാവകാശ കമ്മിഷണർ

വിദ്യാർത്ഥിയുടെ കോഷൻ ഡപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ

author-image
ഇ.എം റഷീദ്
New Update
A Abdul Hakeem

ഇടുക്കി: വിദ്യാർത്ഥിയുടെ കോഷൻ ഡപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ.

ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസാണ് പിഴ ഒടുക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം തിരുവനന്തപുരത്ത് നടത്തിയ വിചാരണക്ക് ശേഷമാണ് ഉത്തരവിട്ടത്.

Advertisment

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിക്ക് ലഭിക്കാനുള്ള കോഷൻ ഡപ്പോസിറ്റ്  നല്കിയില്ലെന്ന് കാണിച്ച് പിതാവ് കോട്ടയം അമ്പാറനിരപ്പേൽ പെരുമ്പള്ളിൽ പി.പി. സുരേഷ് കുമാറിൻറെ വിവരാവകാശ അപേക്ഷക്ക് മറുപടി നല്കാതിരുന്നതാണ് കുറ്റം. 

കോളജിലേക്ക് കുട്ടി തുക വല്ലതും നല്കാൻ കുടിശിഖയുണ്ടോ എന്ന് നോക്കിയിട്ട് ഡപ്പോസിറ്റ് ബാക്കിയുണ്ടെങ്കിൽ നല്കാമെന്ന് അറിയിച്ച കോളജ് അധികൃതർ കോഴ്സ് കഴിഞ്ഞ് രണ്ടു വർഷമായിട്ടും പ്രശ്നം തീർപ്പാക്കിയില്ല.

 2022 നവംബറിലും 2023 മേയ് മാസത്തിലും നല്കിയ പരാതികളോടും ജൂൺ ,നവംബർ മാസങ്ങളിൽ വിവരാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനോടും പ്രിൻസിപ്പൽ പ്രതികരിച്ചില്ല. 2024 ജനുവരി 18 ന് കമ്മിഷൻ തിരുവനന്തപുരത്തേക്ക് ഹിയറിംഗിന് വിളിച്ചിട്ടും പ്രിൻസിപ്പൽ എത്തിയില്ല. കമ്മിഷൻ സമൻസയച്ച് മേയ് ഒമ്പതിന് വരുത്തിയപ്പോൾ നല്കിയ മൊഴിയും തൃപ്തികരമല്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.

വിവരങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുകയും വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും മറുപടി നല്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തതും ശിക്ഷക്ക് കാരണമായി.

ഈ മാസം 30 നകം പിഴ ഒടുക്കണം. ഇക്കാര്യം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ കളക്ടര്‍ മുഖേന ജപ്തി നടപടിയിലൂടെ തുക വസൂലാക്കുമെന്നും ഉത്തരവിലുണ്ട്.

Advertisment