ഐ ബൈ ഇൻഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി ഫിൻടെക് സ്റ്റാര്‍ട്ടപ്പായ ഐവിബിഎം

New Update
Pic 2 (3)

കൊച്ചി: കേരളത്തിലെ പ്രമുഖ ഫിൻടെക്ക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐവിബിഎമ്മിന്റെ മൂന്നാമത്തെ ഓഫീസ് ഇൻഫോപാർക്ക് കൊച്ചിയിലെ പ്രീമിയം കൊ-വര്‍ക്കിംഗ് സ്പേസായ ഐ ബൈ ഇൻഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അഞ്ചു വർഷങ്ങൾക്കു് മുമ്പ് രണ്ട് പേരുമായി ആരംഭിച്ച ഈ കമ്പനിയില്‍ ഇപ്പോൾ നൂറോളം പേരാണ് ജോലി ചെയ്യുന്നത്.  മൊത്തം ജീവനക്കാരുടെ പത്ത് ശതമാനത്തോളം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇന്ത്യയിലെ ആദ്യത്തെ 'ന്യൂറോ ഡൈവേഴ്സിറ്റി' കോ വർക്കിങ് സ്പേസ് ആണെന്നതാണ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് മുകളിലായി ആരംഭിച്ച 'ഐ ബൈ ഇൻഫോപാർക്'  തിരഞ്ഞെടുക്കുവാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഐ വി ബി എം ഇന്ത്യ ഒപ്പറേഷൻസ് ഹെഡ് കെ എസ് ഫസലു റഹ്മാൻ ചൂണ്ടിക്കാട്ടുന്നത്.

കമ്പനി മാനേജിങ് ഡയറക്ടർ ജാഫർ സാദിക്, ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റ് റിലേഷൻസ് സ്ട്രാറ്റജിസ്റ്റ് ഫഹദ് സറാജ് അൽ ശരീഫ് അൽ ഖുറേഷി, ടെക്നോപാർക്ക് മുൻ ഡയറക്ടര്‍ ബോര്‍ഡ്  അംഗം രഞ്ജിത്ത് ബാലൻ, നിയമ വിദഗ്ധൻ അഡ്വ മുഹമ്മദ്‌ ഷാ, ക്യാറ്റ് പ്രൊഡക്ഷൻസ് സീ ഈ ഒ അമർനാഥ് ശങ്കർ, അഡ്വ സക്കീർ ഹുസൈൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിൽ സി എ നഹ്‌ന നാസർ, അഖില ശശിധരൻ, അൽന സലിൽ, ഷിനിമോൾ എന്നിവര്‍ക്കൊപ്പം ഭിന്നശേഷിക്കാരി ജീവനക്കാരിയും ഇപ്പോൾ സി എ വിദ്യാർത്ഥിനിയുമായ ഷംസിയ മൊയ്‌ദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഐവിബിഎമ്മില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന ജീവനക്കാരാണിവര്‍.

നേതൃനിരയിൽ അൻപത് ശതമാനം വനിതകൾ, നാപ് റൂം, വൈവിധ്യമാർന്ന ലൈബ്രറി, ആര്‍ത്തവ അവധി, വിവിധമേഖലകളിലെ പ്രമുഖ വ്യക്തികളുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കുന്ന കോഫി ചാറ്റ്  സെഷൻസ് തുടങ്ങിയ സൗകര്യങ്ങൾ ജീവനക്കാർക്ക് വേണ്ടി ഐവിബിഎം നൽകി വരുന്നുണ്ട്.

Advertisment
Advertisment