/sathyam/media/media_files/2025/10/16/2704857-rescue-2025-10-16-20-20-02.webp)
തിരുവല്ല: മരംമുറിക്കുന്നതിനിടെ 80 അടിയോളം ഉയരമുള്ള മരത്തിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നിശമന സേന അതിവേഗം രക്ഷപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശിയായ റബീഉൽ (20) നാണ് ഫയർഫോഴ്സിന്റെ ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടത്.
തിരുവല്ല വെൺപാല തൈപ്പറമ്പിൽ കുരുവിളയുടെ പുരയിടത്തിലെ ആഞ്ഞിലി മരം വെട്ടാനായി ഇതര സംസ്ഥാന തൊഴിലാളികളായ മറ്റുമൂന്നു പേരോടൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. മെഷീൻ ഉപയോഗിച്ച് മരം മുറിച്ചുകൊണ്ടിരിക്കുമ്പോൾ, ശാഖകളിലൊന്ന് റബീഉലിന്റെ മുഖത്ത് തട്ടി പരിക്കേറ്റു.
തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് മരത്തിൽ കുടുങ്ങിയത്. അതേസമയം, ശക്തമായ മഴയും വീണതോടെ താഴെയിറങ്ങാൻ ശ്രമിക്കുമ്പോൾ വഴുതി നീങ്ങാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് തിരുവല്ല അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഉദ്യോഗസ്ഥരിൽ ഒരാൾ മരത്തിൽ കയറി വല ഉപയോഗിച്ച് റബീഉലിനെ സുരക്ഷിതമായി താഴെയിറക്കി. മുഖത്ത് പരിക്കേറ്റ തൊഴിലാളിയെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർസ്റ്റേഷൻ ഓഫിസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ കെ.എസ്. അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.എസ്. അജിത് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ശശികുമാർ, ഡ്രൈവർമാരായ എഫ്.ടി. ഷിബു, ജോട്ടി പി. ജോസഫ്,
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജയൻ മാത്യു, രഞ്ജിത് കുമാർ, സണ്ണി, വിപിൻ, ഹരികൃഷ്ണൻ, ഹോം ഗാർഡുമാരായ കെ.പി. ഷാജി, എസ്. അനിൽകുമാർ, സജിമോൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്.